ദമാം: തൊഴിൽ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇന്ത്യൻ എംബസിയുടെ ഇടപെടലിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്ക് ഏക്സിറ്റ് ലഭിക്കാനുള്ള നിബന്ധനകളിൽ ഇളവ് വരുത്തിയത് ആശ്വാസമാകുന്നു. ഇഖാമ കാലാവധി കഴിഞ്ഞവർക്ക് സ്പോൺസറുടെ അനുവാദമില്ലാതെ തന്നെ നാട്ടിലേക്ക് പോവാൻ ഫൈനൽ ഏക്സിറ്റ് ലഭിക്കാൻ വർഷങ്ങളോളമായി തുടർന്ന് വരുന്ന രീതിയിൽ മാറ്റം വരുത്തിയിരിക്കയാണ് തൊഴിൽ വകുപ്പ് മന്ത്രാലയവും ഇന്ത്യൻ എംബസിയും.
നിലവിലെ അവസ്ഥയിൽ നേരിട്ട് അതാത് പ്രദേശത്തെ ലേബർ ഓഫീസുകളിൽ നേരിൽ ചെന്ന് ഫോറം പൂരിപ്പിച്ച് അപേക്ഷ നൽകേണ്ടിയിരുന്നു. ദൂരദിക്കുകളിലുള്ള, നേരിട്ട് പോവാൻ അസൗകര്യമുള്ളവർക്ക് ഇത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്. റിയാദ് എംബസി പരിധിയിൽ എവിടെ ആണെങ്കിലും ഇത്തരക്കാർക്ക് എംബസിയുമായി ബന്ധപ്പെട്ട് ഫൈനൽ ഏക്സിറ്റ് ലഭിക്കുന്ന പുതിയ രീതിയാണ് നിലവിൽ വന്നത്. സഊദി തൊഴിൽ മന്ത്രാലയവും ഇന്ത്യൻ എംബസിയും പരസ്പരമുള്ള കൂടിയാലോചനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജുബൈൽ ലേബർ ഓഫീസർ മുത് ലഖ് ദാഹം അൽ ഖഹ്താനിയോടൊപ്പം ഇന്ത്യൻ എംബസി ലേബർവെൽഫെയർ ഉദ്യോഗസ്ഥൻ ആശിഖ് തലയൻ കണ്ടിയും ഇന്ത്യൻ എംബസി സാമൂഹ്യ പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരിയും
ഇതിന്റെ ഭാഗമെന്നോണം എംബസിയുടെ http://www.eoiriyadh.gov.in എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യുകയാണ് ചെയ്യേണ്ടത്. പിന്നീട് എംബസിയിൽ നിന്ന് രജിസ്റ്റർ ചെയ്തവർക്ക് നിർദേശങ്ങൾ ലഭിക്കാനായി കാത്തിരിക്കണം. എന്നാൽ, കിഴക്കൻ സഊദിയിലെ ജുബൈലിലുളള ഇന്ത്യക്കാർക്ക് രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന EMB എന്ന് തുടങ്ങുന്ന രജിസ്ട്രേഷൻ നമ്പർ ഇന്ത്യൻ എംബസി സാമൂഹ്യ പ്രവർത്തകനും പ്രവാസി വെൽഫെയർ പാർട്ടിയുടെ ജുബൈലിലെ മെമ്പറും കൂടിയായ സൈഫുദ്ദീൻ പൊറ്റശ്ശേരിയെ ബന്ധപ്പെട്ട് ഏൽപിക്കാവുന്നതാണ്.
ഹുറൂബിലകപ്പെട്ട റിയാദ് ഇന്ത്യൻ എംബസിയുടെ പരിധിയിൽ പെട്ടവർക്കും ഈ ലിങ്കിൽ റജിസ്റ്റർ ചെയ്ത് നമ്പർ അറിയിച്ചാൽ ഫൈനൽ ഏക്സിറ്റ് ലഭിക്കാനും എംബസി മുഖേന ഏർപ്പാട് ചെയ്യുന്നതാണ്. നേരത്തേ ജുബൈലിൽ ജവാസാത്തിന്റെ പരിധിയിലുള്ള ഇഖാമയുളളവർ ജോലിയാവശ്യാർത്ഥം മറ്റു സ്ഥലങ്ങളിലേക്ക് മാറിപ്പോയ കാലാവധി കഴിഞ്ഞ ഇഖാമയുള്ളവർക്ക് ഈ വ്യവസ്ഥ ആശ്വാസമായിരിക്കയാണ്.
ദമാമിലും അൽ ഖോബാറിലും മറ്റും നിലവിൽ വന്ന പുതിയ ഇളവ് വ്യവസ്ഥ ഞായറാഴ്ച രാവിലെ അൽ ജു ഐമയിലുള്ള ജുബൈൽ ലേബർ ഓഫീസർ മുത് ലഖ് ദാഹം അൽ ഖഹ്താനിയും ഇന്ത്യൻ എംബസി ലേബർവെൽഫെയർ ഉദ്യോഗസ്ഥൻ ആശിഖ് തലയൻ കണ്ടിയും ഇന്ത്യൻ എംബസി സാമൂഹ്യ പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരിയുമായുള്ള കൂടിക്കാഴ്ചയിലാണ് ചർച്ചക്കിടയായത്. കൂടാതെ നിലവിൽ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന്റെ ഭാഗമായി ജുബൈലിലെ പുതുതായി വന്ന പ്രവാസികളെയും സംഘടിപ്പിച്ച് ഒരു ബോധവൽക്കരണ ക്ലാസ് നടത്താനും ലേബർ ഓഫീസ് ആലോചിച്ചു വരുന്നതായി തൊഴിൽ പ്രശ്നപരിഹാര വകുപ്പ് ഓഫീസർ ഹസൻ ഹംബൂബ വെളിപ്പെടുത്തി.