മക്ക : വിദേശ മന്ത്രാലയം കഴിഞ്ഞയാഴ്ച മുതൽ ആരംഭിച്ച സൗജന്യ ട്രാൻസിറ്റ് വിസാ സേവനം കുറഞ്ഞ ചെലവിൽ ഉംറ നിർവഹിക്കാനും മദീന സിയാറത്ത് നടത്താനും സൗദി അറേബ്യ സന്ദർശിക്കാനും വിദേശികൾക്ക് അവസരമൊരുക്കുന്നതായി വിലയിരുത്തപ്പെടുന്നു.
വളരെ എളുപ്പത്തിൽ ലഭിക്കുമെന്ന് ട്രാൻസിറ്റ് വിസയുടെ പ്രധാന സവിശേഷതയാണ്. സൗദിയയിലോ ഫ്‌ളൈ നാസിലോ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം തന്നെ വിസാ അപേക്ഷയും സമർപ്പിക്കാൻ യാത്രക്കാർക്ക് സാധിക്കും. സൗദിയ, ഫ്‌ളൈ നാസ് ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകൾ വഴി വിസാ അപേക്ഷ ലഭിച്ചാലുടൻ വിദേശ മന്ത്രാലയത്തിന്റെ ഏകീകൃത വിസാ പ്ലാറ്റ്‌ഫോം വഴി സൗജന്യമായി ട്രാൻസിറ്റ് വിസ അനുവദിക്കുകയാണ് ചെയ്യുന്നത്. മൂന്നു മാസ കാലാവധിയുള്ള വിസയാണ് അനുവദിക്കുന്നത്. ഈ വിസ നേടുന്നവർക്ക് 96 മണിക്കൂർ നേരം സൗദിയിൽ തങ്ങാൻ സാധിക്കും. റിയാദ്, ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴി ഉംറ തീർഥാടകരും സിയാറത്തുകാരും സന്ദർശകരും ട്രാൻസിറ്റ് വിസയിൽ രാജ്യത്ത് പ്രവേശിക്കാൻ തുടങ്ങിയിട്ടുണ്ട്.