ദുബായ് – ആറു മാസത്തിലേറെ കാലം യു.എ.ഇക്ക് പുറത്തുകഴിഞ്ഞ വിദേശികളെ വീണ്ടും യു.എ.ഇയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്ന പുതിയ പെര്‍മിറ്റ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട്‌സ് സെക്യൂരിറ്റി പ്രഖ്യാപിച്ചു.
ഇങ്ങനെ ആറു മാസത്തിലേറെ കാലം യു.എ.ഇക്ക് പുറത്ത് കഴിഞ്ഞവര്‍ക്ക് വീണ്ടും യു.എ.ഇയില്‍ പ്രവേശിക്കുന്നതിനുള്ള പെര്‍മിറ്റിന് പുതിയ സേവനത്തിലൂടെ അപേക്ഷിക്കാന്‍ സാധിക്കും.
ഇതിന് ആറു മാസത്തിലേറെ കാലം യു.എ.ഇക്ക് പുറത്ത് കഴിയാനുള്ള ന്യായമായ കാരണം ബോധിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. പുതിയ സേവനം കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നിലവില്‍വന്നു.
കാലാവധിയുള്ള ഇഖാമകളുള്ളവരും പഠനത്തിനോ ജോലിക്കോ ചികിത്സക്കോ വേണ്ടി രാജ്യത്ത് പുറത്ത് ആറു മാസത്തിലേറെ കാലം താമസിക്കാന്‍ നിര്‍ബന്ധിതരുമായ വിദേശികള്‍ക്ക് വീണ്ടും രാജ്യത്തേക്ക് മടങ്ങാന്‍ അവസരമൊരുക്കുകയാണ് പുതിയ സേവനം. നിശ്ചിത കാലം വിദേശത്ത് കഴിഞ്ഞതിനാല്‍ നിയമപരമായി തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കപ്പെട്ട ഇവര്‍ക്ക് അതോറിറ്റി അനുമതിയോടെ വീണ്ടും ആക്ടിവേറ്റ് ചെയ്യാനും അതേ കാര്‍ഡില്‍ രാജ്യത്ത് വീണ്ടും പ്രവേശിക്കാനും പുതിയ സേവനത്തിലൂടെ സാധിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട്‌സ് സെക്യൂരിറ്റി പറഞ്ഞു.