സൌദിയിൽ പ്രവാസികളുടെ റസിഡൻസി പെർമിറ്റ് (ഇഖാമ) പുതുക്കിയ ശേഷം പ്രിൻ്റ് കോപ്പി (ഇഖാമ കാർഡ്) കൈവശം വെക്കൽ നിർബന്ധമില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) വ്യക്തമാക്കി.
പ്രവാസികൾക്കും അവരുടെ ആശ്രിതർക്കും വിദേശ തൊഴിലാളികൾക്കും ഇഖാമ പുതുക്കിയാൽ അതിന്റെ ഹാർഡ് കോപ്പി കൈവശം വയ്ക്കുന്നതിന് പകരം സ്മാർട്ട് ഫോണിലെ ഡിജിറ്റൽ ഇഖാമ ഉപയോഗിക്കാമെന്നും പ്രിന്റ് എടുക്കാൻ ജവാസാത്ത് ഓഫീസ് സന്ദർശിക്കേണ്ടതില്ലെന്നും ജവാസാത്ത് അറിയിച്ചു.
മുഖീം ഐഡിക്ക് (റെസിഡന്റ് ഐഡന്റിറ്റി) അത് അനുവദിച്ച തിയതിമുതൽ 5 വർഷം കാലാവധിയാണുണ്ടാവുക. അബ്ഷർ പ്ലാറ്റ്‌ഫോം വഴി എല്ലാ വർഷവും അത് തൊഴിലുടമ പുതുക്കണ്ടേതാണ്.
കാലാവധി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം പ്രവാസികളുടെ ഇഖാമ പുതുക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ ചുമത്തും. ആദ്യ തവണ 500 റിയാൽ പിഴയും, കാലതാമസം ആവർത്തിച്ചാൽ 1,000 റിയാലുമാണ് പിഴ.
നേരത്തെ, വർക്ക് പെർമിറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഇഖാമകൾ നൽകാനും കുറഞ്ഞത് മൂന്ന് മാസം കൂടുമ്പോൾ തൊഴിലുടമ അത് പുതുക്കാനും ജവാസത്ത് അനുവദിച്ചിരുന്നു.
പുതുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ ഫീസ് അടച്ച ശേഷം പ്രവാസികളുടെ ആശ്രിതരുടെ ഇഖാമകളും ഈ രീതിയിൽ ഓരോ മൂന്ന് മാസത്തിലും പുതുക്കാൻ സധിക്കും. എന്നാൽ വീട്ടുജോലിക്കാരെയും മറ്റും ഈ നടപടിക്രമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വർക്ക് പെർമിറ്റ്, റസിഡൻസി പെർമിറ്റ്, ജീവനക്കാരുടെ ലെവി, ആശ്രിതരുടെ ഫീസ്, ഇഖാമ ഇഷ്യൂ ചെയ്യുന്നതിനുള്ള മറ്റ് ഫീസുകൾ എന്നിവയ്ക്കുള്ള ഫീസ് വിഭജിച്ച് അക്കാനും അനുവാദമുണ്ട്.
ഗാർഹിക തൊഴിലാളികളുടെ മുഖീം ഐഡിയുടെ കാലാവധി 14 മാസത്തിൽ കുറവാണെങ്കിലും, വാണിജ്യ തൊഴിലാളികൾക്ക്, അവരുടെ ഐഡി 6 മാസത്തിൽ താഴെയാണെങ്കിലും പുതുക്കാൻ അനുവാദമുണ്ട്. എന്നാൽ വർക്ക് പെർമിറ്റ് കാലാവധിയുളളതായിരിക്കണമെന്നും, ആരോഗ്യ ഇൻഷൂറൻസ് പോളിസി സാധുതതുള്ളതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.