റിയാദ് – സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ കഴിഞ്ഞ കൊല്ലം 14,320 കോടി റിയാല്‍ (3,820 കോടി ഡോളര്‍) സ്വദേശങ്ങളിലേക്ക് അയച്ചതായി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.9 ശതമാനം കുറവാണിത്. 2019 നു ശേഷം ആദ്യമായാണ് വിദേശികളുടെ റെമിറ്റന്‍സില്‍ കുറവ് രേഖപ്പെടുത്തുന്നത്. 2021 ല്‍ വിദേശികള്‍ 15,390 കോടി റിയാല്‍ (4,100 കോടി ഡോളര്‍) ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു.
കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിലാണ് വിദേശികളുടെ റെമിറ്റന്‍സില്‍ തുടര്‍ച്ചയായി കുറവ് രേഖപ്പെടുത്തിയത്. ഇതാണ് മൊത്തത്തില്‍ കുറയാന്‍ ഇടയാക്കിയത്. 2022 ജൂണ്‍ മുതല്‍ വിദേശികള്‍ അയച്ച പണത്തില്‍ കുറവ് രേഖപ്പെടുത്തി. ഡിസംബറില്‍ 1,000 കോടി റിയാലാണ് വിദേശികള്‍ അയച്ചത്. 2020 ഏപ്രിലിനു ശേഷം വിദേശികളുടെ റെമിറ്റന്‍സ് ഇത്രയും കുറയുന്നത് ആദ്യമാണ്. 2020 ല്‍ 2.8 ശതമാനും 2021 ല്‍ 19.3 ശതമാനവും തോതില്‍ വിദേശികളുടെ റെമിറ്റന്‍സില്‍ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. 2015 ല്‍ ആണ് വിദേശികള്‍ ഏറ്റവുമധികം പണം സ്വദേശങ്ങളിലേക്ക് അയച്ചത്. ആ കൊല്ലം 15,690 കോടി റിയാലാണ് വിദേശികള്‍ അയച്ചത്. ഇതിനെ അപേക്ഷിച്ച് 8.7 ശതമാനം കുറവാണ് കഴിഞ്ഞ വര്‍ഷത്തെ റെമിറ്റന്‍സ്.