റിയാദ്: സഊദിയിൽ ഡ്രൈവർ തസ്തികയിൽ വിദേശികൾക്ക് കടുത്ത തിരിച്ചടിയായി പുതിയ സഊദിവത്കരിണ പദ്ധതിയിൽ ട്രാൻസ്‌പോർട്ട് അതോറിറ്റി. ഹെവി വാഹന ഡ്രൈവർ പ്രൊഫഷൻ സഊദിവത്കരിക്കാനാണ് തീരുമാനം. ഇത് സംബന്ധമായി അതോറിറ്റി കരാറിൽ ഒപ്പ് വെച്ചു. റിയാദിലെ അതോറിറ്റി ആസ്ഥാനത്ത് “ഹെവി ട്രാൻസ്പോർട്ട് വെഹിക്കിൾ ഡ്രൈവർമാരുടെ” പ്രൊഫഷനുകളെ പ്രാദേശികവൽക്കരിക്കുന്നതിനുള്ള സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി ഒരു ഹോൾഡിംഗ് കമ്പനിയുമായി കരാർ ഒപ്പിട്ടതായി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.
ഗതാഗത, ലോജിസ്റ്റിക് മേഖലയിലെ തൊഴിലവസരങ്ങൾക്കായുള്ള സഊദിവത്കരണ ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലോജിസ്റ്റിക് മേഖലയിലെ തൊഴിലുകളിൽ പൗരന്മാരെ പ്രാപ്തരാക്കുന്നതിനും കരാർ ലക്ഷ്യമിടുന്നുണ്ട്.
തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും സഊദി തൊഴികാളികൾക്ക് തൊഴിലുകൾ വികസിപ്പിക്കുന്നതിനും തൊഴിലാളികളുടെ കഴിവുകളുടെ നിലവാരം ഉയർത്തുന്നതിനും കരാർ സംഭാവന ചെയ്യും. ലോജിസ്റ്റിക് സേവനങ്ങളുടെ വികസനവും സാമ്പത്തിക സുസ്ഥിരതയുടെ നേട്ടവും ഉറപ്പാക്കുന്നതിനും പദ്ധതിയുണ്ട്.
ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനുമുള്ള പിന്തുണക്ക് പുറമെ പൗരന്മാർക്ക് ഡ്രൈവിംഗ് പരിശീലനത്തിനും വൈദ്യപരിശോധനയ്ക്കുമുള്ള ചെലവുകൾ പിന്തുണയ്ക്കുന്നതിനും മാനവ വിഭവശേഷി വികസന ഫണ്ടിൽ നിന്ന് വേതന പിന്തുണയും നൽകുകയും ചെയ്യും.