ജിദ്ദ : ജിദ്ദ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗേജ് നീക്കത്തിന് കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തി. ഒന്നാം ടെർമിനലിൽ സെൽഫ് സർവീസ് മെഷീനുകൾ വഴി ബാഗേജ് ക്ലിയറൻസ് പൂർത്തിയാക്കാമെന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളം അതോറിറ്റി അറിയിച്ചു.
യാത്രക്കാർക്കും ഉദ്യോഗസ്ഥർ കൂടുതൽ സമയവും അധ്വാനവും ലാഭിക്കാനാകുന്ന സംവിധാനമാണിത്. ഇതിനായി സ്ഥാപിച്ച മെഷീനുകളിൽ ടിക്കറ്റുകൾ റീഡ് ചെയ്യും. ബാഗേജിന്റെ തൂക്കവും കണക്കാക്കും. ശേഷം അതിൽ നിന്ന് ബാഗേജിൽ ഒട്ടിക്കാനുള്ള ടാഗ് ലഭിക്കും. അറബിയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണ്. നടപടികൾ പൂർത്തിയാകുന്നതോടെ ബാഗേജ് കൺവെയർ ബെൽറ്റിലൂടെ കടത്തിവിടും. ഒന്നാം ടെർമിനലിൽ എ2 ഭാഗത്താണ് ഈ സംവിധാനമുളളത്.