അബുദാബി: ഓവര്‍ടൈം ജോലി ചെയ്യുന്നിതിനുള്ള നിബന്ധനകള്‍ വ്യക്തമാക്കി യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. രാജ്യത്തെ തൊഴിലുടമകള്‍ക്ക് തൊഴിലാളികളോട് ഓവര്‍ടൈം ജോലി ചെയ്യാന്‍ ആവശ്യപ്പെടാവുന്നതാണെന്നും എന്നാല്‍ അതിന് ബാധകമായ തൊഴില്‍ നിയമത്തിലെയും മറ്റ് ചട്ടങ്ങളിലെയും നിബന്ധനകള്‍ പാലിച്ചിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
ഓവര്‍ ടൈം ജോലി ഒരു ദിവസം രണ്ട് മണിക്കൂറില്‍ കവിയാന്‍ പാടില്ലെന്നതാണ് പ്രധാന നിബന്ധന. എന്നാല്‍ കമ്പനിക്ക് ഉണ്ടായേക്കാവുന്ന നഷ്ടം തടയാനോ അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും പ്രതികൂല സാഹചര്യങ്ങളോ അവയുടെ അനന്തര ഫലങ്ങളോ മറികടക്കാന്‍ വേണ്ടി രണ്ട് മണിക്കൂറിലധികവും ഓവര്‍ ടൈം ജോലി ചെയ്യാന്‍ തൊഴിലുടമയ്ക്ക് തൊഴിലാളികളോട് ആവശ്യപ്പെടാന്‍ അവകാശമുണ്ട്. എന്നിരുന്നാലും ഒരു തൊഴിലാളിയുടെ ആകെ ജോലി സമയം കണക്കാക്കുമ്പോള്‍ മൂന്ന് ആഴ്ചയില്‍ പരമാവധി 144 മണിക്കൂറുകള്‍ കവിയാന്‍ പാടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അറിയിപ്പില്‍ യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സൂചിപ്പിക്കുന്നു.
യുഎഇയില്‍ തൊഴില്‍ നഷ്ടമായാലും മൂന്ന് മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനല്‍കുന്ന തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി 2023 ജനുവരി ഒന്നു മുതല്‍ പ്രബാല്യത്തില്‍ വന്നു. പദ്ധതിയിലെ അംഗത്വം എല്ലാ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമാണെന്ന് യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. പദ്ധതി പ്രാബല്യത്തില്‍ വന്നതോടെ ഇനിയും ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് പിഴ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരുപോലെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇന്‍ഷുറന്‍സ് സ്‍കീം നടപ്പാക്കിയിരിക്കുന്നത്. ആദ്യത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ കുറവോ ഉള്ളവരാണ് ഉള്‍പ്പെടുന്നത്. ഇവര്‍ ഒരു മാസം അഞ്ച് ദിര്‍ഹം വീതം പ്രതിവര്‍ഷം 60 ദിര്‍ഹമായിരിക്കും ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കേണ്ടത്.