ജിദ്ദ : ചരക്ക് നീക്കം വർധിപ്പിക്കാനും ലോജിസ്റ്റിക് സേവനങ്ങൾ മെച്ചപ്പെടുത്താനും ജിദ്ദ ഇസ്‌ലാമിക് തുറമുഖത്ത് മൂന്നു കൂറ്റൻ ക്രെയിനുകൾകൂടി സ്ഥാപിക്കുന്നു. ജിദ്ദ തുറമുഖത്തെ നോർത്ത് കണ്ടെയ്‌നർ ടെർമിനൽ പ്രവർത്തിപ്പിക്കുന്ന തന്ത്രപരമായ പങ്കാളിയായ റെഡ്‌സീ ഗെയ്റ്റ് ടെർമിനൽ കമ്പനിയാണ് റിമോട്ട് കൺട്രോൾ രീതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന മൂന്നു ക്രെയിനുകൾ സ്ഥാപിക്കുന്നത്.
പുതിയ ക്രെയിനുകൾ എത്തിയതോടെ ജിദ്ദ തുറമുഖത്തെ നോർത്ത് കണ്ടെയ്‌നർ ടെർമിനലിലെ ക്രെയിനുകളുടെ എണ്ണം 24 ആയി ഉയർന്നതായി സൗദി പോർട്ട്‌സ് അതോറിറ്റി പറഞ്ഞു. നോർത്ത് കണ്ടെയ്‌നർ ടെർമിനൽ പ്രവർത്തിപ്പിക്കാനും ടെർമിനലിൽ വികസന പദ്ധതികൾ നടപ്പാക്കാനും റെഡ്‌സീ ഗെയ്റ്റ് ടെർമിനൽ കമ്പനിയുമായി സൗദി പോർട്ട്‌സ് അതോറിറ്റി 600 കോടിയിലേറെ റിയാലിന്റെ നിക്ഷേപ കരാർ ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കമ്പനി പുതിയ ക്രെയിനുകൾ സ്ഥാപിക്കുന്നത്. റെഡ്‌സീ ഗെയ്റ്റ് ടെർമിനൽ കമ്പനിയുമായി ഒപ്പുവെച്ച കരാർ ടെർമിനലിന്റെ ശേഷി 88 ലക്ഷം കണ്ടെയ്‌നറുകളായി ഉയർത്താൻ സഹായിക്കും.
മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന കേന്ദ്രം എന്നോണവും ആഗോള ലോജിസ്റ്റിക് സെന്റർ എന്നോണവും സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്താനുള്ള ദേശീയ ഗതാഗത, ലോജിസ്റ്റിക് തന്ത്രത്തിന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി സൗദി തുറമുഖങ്ങളുടെ ശേഷി വർധിപ്പിക്കാനും രാജ്യത്തെ തുറമുഖങ്ങളിൽ പ്രതിവർഷം കൈകാര്യം ചെയ്യുന്ന കണ്ടെയ്‌നറുകളുടെ എണ്ണം നാലു കോടിയായി ഉയർത്താനും മേഖലയിൽ കൈകാര്യം ചെയ്യുന്ന ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നറുകളുടെ 45 ശതമാനം 2030 ഓടെ സ്വന്തമാക്കാനുമുള്ള സൗദി പോർട്ട്‌സ് അതോറിറ്റി തന്ത്രത്തിന്റെ ഭാഗമായാണ് ജിദ്ദ തുറമുഖത്ത് പുതിയ ക്രെയിനുകൾ സ്ഥാപിക്കുന്നത്.
ലോകത്തെ ഏറ്റവും മികച്ച പത്തു മുൻനിര തുറമുഖങ്ങളിൽ ഒന്നായി ജിദ്ദ തുറമുഖത്തെ മാറ്റാനാണ് സൗദി പോർട്ട്‌സ് അതോറിറ്റി ശ്രമിക്കുന്നത്. ചെങ്കടലിലെ ഏറ്റവും വലിയ തുറമുഖമായ ജിദ്ദ തുറമുഖം വഴിയാണ് സൗദി അറേബ്യ ഏറ്റവുമധികം കയറ്റുമതിയും ഇറക്കുമതിയും നടത്തുന്നത്. ചെങ്കടലിലെ ഏറ്റവും വലിയ റീ-എക്‌സ്‌പോർട്ട് കേന്ദ്രവും ജിദ്ദ തുറമുഖമാണ്. പ്രതിവർഷം 13 കോടി ടൺ ചരക്കുകൾ നീക്കം ചെയ്യാൻ ജിദ്ദ തുറമുഖത്തിന് ശേഷിയുണ്ട്. 62 വാർഫുകളും നാലു ടെർമിനലുകളും അടങ്ങിയ ജിദ്ദ തുറമുഖത്തിന്റെ ആകെ വിസ്തൃതി 12.5 ചതുരശ്രകിലോമീറ്ററാണ്.