മക്ക- സൗദി അറേബ്യയില്‍ മസ്ജിദുല്‍ ഹറാമിന്റെയും കഅബയുടേയും മുറ്റം കഴുകുന്നതിന്റെ വേഗത ആരും നോക്കിനിന്നു പോകും.
ദിവസവും പത്ത് തവണയെങ്കിലും മുറ്റം കഴുകാറുണ്ട്. ജോലിക്കാര്‍ അസാമാന്യ വേഗതയിലാണ് ഓരോ കഴുകലും പൂര്‍ത്തിയാക്കുന്നത്. 20 മിനിറ്റാണ് ഒരു തവണ വേണ്ടിവരുന്നത്.
മസ്ജിദുല്‍ ഹറാമിന്റെയും മതാഫിന്റെയും മുറ്റങ്ങള്‍ വൃത്തിയാക്കാനും കഴുകാനും 24 മണിക്കൂറും ഷിഫ്റ്റുകളിലായി 4,000 തൊഴിലാളികള്‍ ജോലി ചെയ്യുന്നു. പരിശീലനം ലഭിച്ചവരും വിദഗ്ധരുമായ ജീവനക്കാരുടെ സഹായത്തോടെയാണ് ശുചീകരണവും കഴുകലും നടത്തുന്നതെന്ന് മസ്ജിദുല്‍ ഹറാമിലെ കാര്‍പെറ്റ് ആന്‍ഡ് ക്ലീനിംഗ് വിഭാഗത്തിന്റെ ചുമതലയുള്ള ജാബിര്‍ ലുദാനി പറഞ്ഞു.
ശുചീകരണത്തിനും വാഷിംഗ് ജോലികള്‍ക്കും ആധുനിക യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. മതാഫിന്റെ മുറ്റം കഴുകുന്നതിനുള്ള ഉപകരണങ്ങള്‍ വ്യത്യസ്തമാണെന്നും സഫയും മര്‍വയും കഴുകാനും വ്യത്യസ്ത മെഷീനുകളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുറ്റങ്ങളും മസ്ജിദിനകവും പ്രത്യേക യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് വൃത്തിയാക്കുന്നത്.
ചടങ്ങുകളൊന്നും മുടങ്ങാതിരിക്കനാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്തുന്നത്. ലക്ഷക്കണക്കിനുവരുന്ന തീര്‍ഥാടകര്‍ക്ക് ഈ ക്ലീനിംഗ് ജോലി കാരണം ഒരു തരത്തിലുള്ള പ്രയാസവും അനുഭവപ്പെടാറില്ല. ത്വവാഫ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാതിരിക്കാനും സഅ്‌യ് മുടങ്ങാതിരിക്കാനുമാണ്് വൃത്തിയാക്കലും കഴുകലുമെല്ലാം 20 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതെന്ന് ജാബിര്‍ ലുദാനി പറഞ്ഞു