റിയാദ് – വിദേശങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്നതിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർണയിച്ച ഏറ്റവും കൂടിയ നിരക്കുകൾ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ ലംഘിക്കരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ശ്രീലങ്കയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകാൻ ഈടാക്കാവുന്ന പരമാവധി നിരക്ക് മൂല്യവർധിത നികുതി കൂടാതെ 15,000 റിയാലാണ്.
ഉഗാണ്ടയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകാൻ ഈടാക്കാവുന്ന കൂടിയ നിരക്ക് 9,500 റിയാലും തായ്‌ലന്റിൽ നിന്ന് വേലക്കാരെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകാൻ ഈടാക്കാവുന്ന കൂടിയ നിരക്ക് 10,000 റിയാലും കെനിയൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള പരമാവധി നിരക്ക് 10,870 റിയാലുമാണ്.
ബംഗ്ലാദേശിൽ നിന്നുള്ള തൊഴിലാളികളെ എത്തിച്ചു നൽകാനുള്ള ഉയർന്ന നിരക്ക് 13,000 റിയാലും ഫിലിപ്പൈൻസിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകാൻ ഈടാക്കാവുന്ന കൂടിയ നിരക്ക് 17,288 റിയാലുമായി മന്ത്രാലയം നിർണയിച്ചിട്ടുണ്ട്. ഇവയെല്ലാം മൂല്യവർധിത നികുതി ഉൾപ്പെടാതെയുള്ള നിരക്കുകളാണ്.
പരമാവധി നിരക്ക് പരിധി ലംഘിക്കുന്ന റിക്രൂട്ട്‌മെന്റ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി.
നിശ്ചിത നിരക്ക് നിർണയിച്ച് രണ്ടു വർഷ തൊഴിൽ കരാർ കാലാവധിയിൽ ഇന്തോനേഷ്യൻ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചുനൽകുന്ന പുതിയ പദ്ധതി സൗദിയിലെ റിക്രൂട്ട്‌മെന്റ് കമ്പനികളും സ്ഥാപനങ്ങളും കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്.
മൂല്യവർധിത നികുതി കൂടാതെ 19,987 റിയാലിന് ഇന്തോനേഷ്യൻ വേലക്കാരെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്ന പദ്ധതിയാണിത്.
റിക്രൂട്ട്‌മെന്റ് നിരക്ക് പ്രതിമാസ തവണകളായി 1750 റിയാൽ തോതിൽ അടയ്ക്കാനും തൊഴിലുടമകൾക്ക് അവസരമുണ്ട്.
തൊഴിലുടമ ആഗ്രഹിക്കുന്ന പക്ഷം രണ്ടു വർഷത്തിനു ശേഷം തൊഴിൽ കരാർ കാലാവധി ദീർഘിപ്പിക്കാവുന്നതുമാണ്.