റിയാദ്: ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് ആനുകൂല്യം പരമാവധി നാലു വിദേശ തൊഴിലാളികൾക്കാണ് ലഭിക്കുകയെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് ഒരു വർഷത്തേക്ക് കൂടി മന്ത്രിസഭ ദീർഘിപ്പിച്ചിട്ടുണ്ട്. നേരത്തെ മൂന്നു വർഷത്തേക്കാണ് ലെവി ഇളവ് പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് പദ്ധതി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ചെറുകിട സ്ഥാപനങ്ങളുടെ വളർച്ചക്കും സുസ്ഥിരതക്കും പിന്തുണ നൽകാനാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. ഉടമ അടക്കം ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ലെവി ഇളവ് ആനുകൂല്യം ലഭിക്കുക. ഇതിന് സ്ഥാപനത്തിലെ ജീവനക്കാരനെന്നോണം ഉടമയെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യുകയും ഉടമ സ്ഥാപനത്തിൽ ഫുൾടൈം അടിസ്ഥാനത്തിൽ ജോലി ചെയ്യുകയും വേണം. ഇത്തരം സ്ഥാപനങ്ങളിലെ രണ്ടു വിദേശ തൊഴിലാളികളെയാണ് ലെവിയിൽ നിന്ന് ഒഴിവാക്കുക. ഉടമക്കു പുറമെ സ്ഥാപനത്തിൽ മറ്റൊരു സൗദി ജീവനക്കാരനെ കൂടി നിയമിക്കുന്ന പക്ഷം നാലു വിദേശ തൊഴിലാളികളെ ലെവിയിൽ നിന്ന് ഒഴിവാക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 2021 നാലാം പാദാവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള 5,76,312 സ്ഥാപനങ്ങളുണ്ട്.