റിയാദ് : സൗദിയിൽ കേന്ദ്ര ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി ഉപയോഗിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് സെൻട്രൽ ബാങ്ക് (സാമ) വ്യക്തമാക്കി. ഡിജിറ്റൽ കറൻസി ഉപയോഗത്തിന്റെ സാധ്യതകളും അപകട സാധ്യതകളും പഠിക്കാനാണ് നിലവിൽ ഊന്നൽ നൽകുന്നത്. വിശദമായ പഠനങ്ങൾ പൂർത്തിയായ ശേഷം മാത്രമേ ഇക്കാര്യത്തിൽ കേന്ദ്ര ബാങ്ക് തീരുമാനങ്ങളെടുക്കുകയുള്ളൂ.
സൗദിയിൽ പ്രവർത്തിക്കുന്ന ബാങ്കുകളുമായും സാമ്പത്തിക സാങ്കേതിക കമ്പനികളുമായും സഹകരിച്ച് ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സെൻട്രൽ ബാങ്ക് പഠിക്കുന്നു. സൗദിയിലെ ധനകാര്യ സ്ഥാപനങ്ങൾക്കുള്ള സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി ഉപയോഗത്തെ കുറിച്ചാണ് പഠിക്കുന്നത്. ഡിജിറ്റൽ കറൻസിയുടെ സാമ്പത്തിക സ്വാധീനം, വിപണി സുസജ്ജത, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി ഉപയോഗിച്ച് പെയ്‌മെന്റ് പരിഹാരങ്ങളുടെ കാര്യക്ഷമവും വേഗത്തിലുള്ളതുമായ ആപ്ലിക്കേഷനുകൾ, നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, നിയമ വശങ്ങൾ എന്നിവയെ കുറിച്ചാണ് ഈ ഘട്ടത്തിൽ പഠിക്കുന്നതെന്നും കേന്ദ്ര ബാങ്ക് പറഞ്ഞു.