അബുദാബി: യുഎഇയിൽ ഇടനിലക്കാരെ ഒഴിവാക്കി സ്മാർട്ടായി വീസയും ഐഡി കാർഡും എടുക്കാം. അപേക്ഷകളിൽ ഭേദഗതി വരുത്താനും തെറ്റു തിരുത്താനും ഓൺലൈനിലൂടെ സാധിക്കും. വീസ, എമിറേറ്റ്സ് ഐഡി വിവരങ്ങൾ പരിഷ്ക്കരിക്കാൻ 5 നടപടികൾ പൂർത്തിയാക്കണം.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നീ വെബ്‌സൈറ്റിലോ www.icp.gov.ae യുഎഇ ഐസിപി സ്‌മാർട്ട് ആപ്പ് വഴിയോ ആണ് അപേക്ഷിക്കേണ്ടത്. വീസയ്ക്ക് അപേക്ഷിക്കാനായി ഇനി എമിഗ്രേഷനിലോ ആമർ സെന്ററുകളിലോ ടൈപ്പിങ് സെന്ററുകളിലോ പോകേണ്ടതില്ലെന്നതാണ് നേട്ടം. 24 മണിക്കൂറും ഓൺലൈനിലൂടെ സേവനം ലഭിക്കും.
ജനങ്ങളുടെ സമയവും അധ്വാനവും പണവും ലാഭിക്കാൻ എർപ്പെടുത്തിയ ഡിജിറ്റൽ സേവനം സ്വദേശികളും വിദേശികളും പ്രയോജനപ്പെടുത്തണമെന്ന് ഐസിപി അഭ്യർഥിച്ചു. വീസ മാത്രമല്ല, എമിറേറ്റ്സ് ഐഡി പുതുക്കാനും നഷ്ടപ്പെട്ടവയ്ക്കു പകരം എടുക്കാനും ഇതുവഴി സാധിക്കും. ഇടപാട് പൂർത്തിയാക്കുന്നതിനുള്ള കാലതാമസം ഇതോടെ ഒഴിവാക്കാം. സ്മാർട് ആപ് വഴി വ്യക്തികൾക്കും കമ്പനികൾക്കും ടൈപ്പിങ് സെന്ററുകൾക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.
വിവരങ്ങളിൽ ഭേദഗതി വരുത്താനും അനുബന്ധ രേഖകൾ അപ് ലോഡ് ചെയ്യാനും ഫീസും ബാങ്ക് ഗ്യാരണ്ടിയും അടയ്ക്കാനും കഴിയും. പേര്, ഫോൺ നമ്പർ, ഇമെയിൽ ഉൾപ്പെടെ ഓൺലൈനിൽ നൽകിയ വിവരങ്ങളിൽ തെറ്റില്ലെന്ന് ഉറപ്പാക്കണം. കുറിയർ വഴി വീസയും എമിറേറ്റ്സ് ഐഡിയും വീട്ടിലെത്തിക്കാനാണ് ആവശ്യപ്പെട്ടതെങ്കിൽ ഡെലിവറി വിലാസത്തിലും തെറ്റുണ്ടാവരുത്. അപേക്ഷയിലെ വിവരങ്ങളും രേഖകളും ഉദ്യോഗസ്ഥൻ പരിശോധിച്ച് തൃപ്തികരമെങ്കിൽ വീസ ഇമെയിലിൽ ലഭിക്കും.
5 നടപടിക്രമങ്ങൾ
∙വെബ്സൈറ്റിലോ ആപ്പിലോ പ്രവേശിച്ച് യുഎഇ പാസ് മുഖേന റജിസ്റ്റർ ചെയ്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക.
∙എൻട്രി പെർമിറ്റ് ഇഷ്യൂ ചെയ്യൽ ഓപ്ഷൻ തിരഞ്ഞെടുത്ത് അപേക്ഷകന്റെ പേരു വിവരങ്ങൾ ടൈപ്പ് ചെയ്യുക.
∙നൽകിയ വിവരങ്ങൾ ഒത്തുനോക്കി ഉറപ്പുവരുത്തുക.
∙തെറ്റുണ്ടെങ്കിൽ അപ്‌ഡേറ്റ് ഓപ്ഷനിൽ പോയി തിരുത്തി അപേക്ഷ സമർപ്പിക്കുക.
∙ഫീസ് അടച്ച് നടപടി പൂർത്തിയാക്കാം.