റിയാദ് – ഉപയോഗശൂന്യമായ കുടിവെള്ളം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമ, വ്യവസ്ഥകൾ പാലിക്കാത്തവർക്ക് ഒരു ലക്ഷം റിയാൽ പിഴ ചുമത്താൻ അനുശാസിക്കുന്ന തരത്തിൽ കുടിവെള്ള വിതരണ കേന്ദ്രങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തയാറാക്കുന്നു. കുടിക്കാൻ യോഗ്യമല്ലാത്ത വെള്ളം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളുടെ പ്രവർത്തനം ക്രമീകരിക്കാനും പദവി ശരിയാക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനുമാണ് ഇത്തരം കേന്ദ്രങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നത്.
കുടിക്കാൻ യോഗ്യമല്ലാത്ത വെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകൾ വെള്ള നിറത്തിൽ പെയിന്റടിച്ചവയാകണമെന്ന് വ്യവസ്ഥ അനുശാസിക്കുന്നു. കുടിക്കാൻ യോഗ്യമല്ലാത്ത വെള്ളമാണെന്ന് ടാങ്കറിൽ രേഖപ്പെടുത്തലും നിർബന്ധമാണ്. വെള്ളത്തിന്റെ ഉറവിടം ടാങ്കറിന്റെ ഇരുവശങ്ങളിലും രേഖപ്പെടുത്തണം. ലൈസൻസില്ലാതെ കുടിക്കാൻ യോഗ്യമല്ലാത്ത കിണർ വെള്ളം വിൽപന നടത്തുന്നതിന് 20,000 റിയാലും കാലാവധി തീർന്ന ലൈസൻസ് ഉപയോഗിച്ച് വെള്ളം വിൽപന നടത്തുന്നതിന് 15,000 റിയാലും ഗുണമേന്മ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത വെള്ളം വിൽപന നടത്തുന്നതിന് 20,000 റിയാലും പിഴ ലഭിക്കും.
കുടിക്കാൻ യോഗ്യമായ വെള്ളം വിതരണം ചെയ്യുന്ന ടാങ്കറിലും ലൈസൻസില്ലാത്ത ടാങ്കറിലും കുടിക്കാൻ യോഗ്യമല്ലാത്ത വെള്ളം നിറക്കുന്നതിന് ഒരു ലക്ഷം റിയാലും ബന്ധപ്പെട്ട വകുപ്പ് നിർണയിച്ച നിരക്കുകൾ പാലിക്കാതിരിക്കുന്നതിന് 10,000 റിയാലും ജലവിതരണ കേന്ദ്രങ്ങളിൽ പരിശോധനക്കെത്തുന്ന പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഉദ്യോഗസ്ഥരെ കൃത്യനിർവഹണത്തിന് അനുവദിക്കാതിരുന്നാലും ആവശ്യപ്പെട്ട രേഖകൾ കൈമാറാതിരുന്നാലും 10,000 റിയാലും പിഴ ലഭിക്കും. എമർജൻസി സാഹചര്യങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും മറ്റും ജലവിതരണ കേന്ദ്രം സേവനം ലഭ്യമാക്കാതിരുന്നാൽ 10,000 റിയാലാണ് പിഴ ലഭിക്കുക