ജിദ്ദ: പെര്‍മിറ്റില്ലാതെ ഉംറ നിര്‍വഹിച്ചതിനുള്ള പിഴ അടക്കല്‍ നിര്‍ബന്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. പെര്‍മിറ്റില്ലാതെ ഉംറ നിര്‍വഹിച്ചതിന് 10,000 റിയാല്‍ പിഴ ചുമത്തപ്പെട്ട തൊഴിലാളിക്ക് റീ-എന്‍ട്രി അനുവദിക്കാന്‍ ആദ്യം പിഴ അടക്കല്‍ നിര്‍ബന്ധമാണന്നാണ്
ജവാസാത്ത് വ്യക്തമാക്കിയത്.
സഊദി പൗരന്മാരില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിലാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. റീ-എന്‍ട്രി അനുവദിക്കാന്‍ വിദേശികളുടെ പേരില്‍ പിഴകളൊന്നും ബാക്കിയുണ്ടാകാന്‍ പാടില്ലെന്ന് ജവാസാത്ത് പറഞ്ഞു.
ഹറമിലെത്തി ഉംറ നിര്‍വഹിക്കണമെങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിബന്ധന പാലിക്കാതെ മക്കയിലെത്തി ഉംറ നിര്‍വഹിച്ച മലയാളിക്ക് കഴിഞ്ഞ ദിവസം പതിനായിരം റിയാല്‍ പിഴ അറിയിപ്പ് ലഭിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈഫാഅ് ഡോട് കോം സന്ദര്‍ശിച്ച് പിഴ ഓണ്‍ലൈനായി അടക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
അപ്പീല്‍ നല്‍കി പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ മലപ്പുറം സ്വദേശി.