ജിദ്ദ: സ്വിസ് നഗരമായ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം 2023ൽ സൗദി അറേബ്യയിൽനിന്ന് ഉന്നതതലസംഘം പങ്കെടുക്കുന്നു. ‘പരസ്പരബന്ധിതമായ ലോകത്ത് സഹകരണം’ എന്ന തലക്കെട്ടിൽ വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കുന്ന ഫോറത്തിലെ വിവിധ സെഷനുകളിലാണ് സൗദി പ്രതിനിധിസംഘം പങ്കെടുക്കുന്നത്. വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിലുള്ള സംഘം ഫോറത്തിൽ ‘സൗദി വിഷൻ 2030’ന്റെ ചട്ടക്കൂടിനുള്ളിൽ കൈവരിച്ച പുരോഗതികളും നേട്ടങ്ങളും വിവരിക്കും.
സമ്പന്നമായ സമ്പദ്വ്യവസ്ഥ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള പരിവർത്തനത്തിന്റെയും വികസനത്തിന്റെയും പ്രക്രിയകൾ, വൈവിധ്യമാർന്നതും ലോകവുമായി സംയുക്ത സഹകരണത്തിനുള്ള അവസരങ്ങൾ എന്നിവ സമ്മേളനത്തിൽ തുറന്നുകാട്ടും. ലോകമെമ്പാടും സുസ്ഥിരവികസനം മുന്നോട്ടുകൊണ്ടുപോകുന്നതിന് പരിവർത്തന പരിഹാരങ്ങളിൽ നിക്ഷേപിക്കേണ്ടതിന്റെ ആവശ്യകത, വ്യാപാരവിനിമയത്തിന്റെയും വിതരണ ശൃംഖലയുടെയും വഴക്കം വർധിപ്പിക്കുക, എല്ലാവർക്കും സമഗ്രമായ ഊർജസുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ സംഭാഷണ സെഷനുകളിൽ പങ്കെടുത്ത് ചർച്ച ചെയ്യും.
കോവിഡ് ഉയർത്തുന്ന വെല്ലുവിളികളെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ചുള്ള ഫോറത്തിൽ അന്താരാഷ്ട്രസമൂഹവുമായി സൗദി പ്രതിനിധികൾ സ്വന്തം അനുഭവങ്ങൾ പങ്കുവെക്കും. ആഗോള സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഉറച്ച പ്രകടനം നിലനിർത്തുന്നതിന് രാജ്യം വികസിപ്പിച്ചെടുത്ത മികച്ച പരിഹാരമാർഗങ്ങളെയും സമ്പ്രദായങ്ങളെയും കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകളും സമർപ്പിക്കും.
അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ, വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ, നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ്, ധനകാര്യ മന്ത്രി മുഹമ്മദ് അൽജദ്ആൻ, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എൻജി. അബ്ദുല്ല അൽസവാഹ, വ്യവസായ ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ്, സാമ്പത്തികാസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹിം, റിയാദ് റോയൽ കമീഷൻ സി.ഇ.ഒ ഫഹദ് അൽറഷീദ് എന്നിവർ പ്രതിനിധിസംഘത്തിലുണ്ട്