NEWS - ഗൾഫ് വാർത്തകൾ ജിസാനിൽ പുതിയ മേഖലകളിൽ സൗദി വൽക്കരണം. 13 പ്രൊഫഷനുകളിൽ 50 ശതമാനവും മൂന്ന് മേഖലകളിൽ 70% വും സൗദി വൽക്കരണം BY GULF MALAYALAM NEWS January 18, 2023 0 Comments 2.24K Views ജിസാന്‍ – പ്രവിശ്യാ സൗദിവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയവുമായും ജിസാന്‍ ഗവര്‍ണറേറ്റുമായും സഹകരിച്ച് ജിസാന്‍ പ്രവിശ്യയില്‍ ഏതാനും തൊഴില്‍ മേഖലകളില്‍ വ്യത്യസ്ത അനുപാതങ്ങളില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കാനുള്ള തീരുമാനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും തൊഴില്‍ വിപണിയില്‍ സ്വദേശി യുവതീയുവാക്കളുടെ പങ്കാളിത്തം ഉയര്‍ത്താനും ലക്ഷ്യമിട്ടാണിത്. അഡ്വര്‍ട്ടൈസ്‌മെന്റ് ഏജന്‍സികള്‍, ഫോട്ടോഗ്രാഫി, കംപ്യൂട്ടര്‍, ലാപ്‌ടോപ്പ് റിപ്പയര്‍ മേഖലകളില്‍ 70 ശതമാനം സൗദിവല്‍ക്കരണമാണ് നിര്‍ബന്ധമാക്കുന്നത്. ഓഡിറ്റോറിയങ്ങളിലെ ബുക്കിംഗ് ഓഫീസുകള്‍, സൂപ്പര്‍വൈസറി തൊഴിലുകളിലും സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ശുചീകരണ തൊഴിലാളികളെയും കയറ്റിറക്ക് തൊഴിലാളികളെയും സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വിഭാഗം തൊഴിലാളികള്‍ 20 ശതമാനം കവിയാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഈ മേഖലകളില്‍ ആറു മാസത്തിനു ശേഷം സൗദിവല്‍ക്കരണ തീരുമാനങ്ങള്‍ നിലവില്‍വരും.പാസഞ്ചര്‍ ഫെറികളില്‍ നേവല്‍ ആര്‍ക്കിടെക്റ്റ്, ഷിപ്പ് സെക്യൂരിറ്റി ടെക്‌നീഷ്യന്‍, നാവികന്‍, അക്കൗണ്ട്‌സ് മാനേജര്‍, കപ്പല്‍ ട്രാഫിക് കണ്‍ട്രോളര്‍, പോര്‍ട്ട് മോണിറ്റര്‍, മറൈന്‍ നാവിഗേറ്റര്‍, സമുദ്ര നിരീക്ഷകന്‍, മറൈന്‍ ഹോസ്റ്റ്, ടിക്കറ്റ് ക്ലര്‍ക്ക്, അക്കൗണ്ട്‌സ് ക്ലര്‍ക്ക്, അക്കൗണ്ട്‌സ് അസിസ്റ്റന്റ്, ഫിനാന്‍ഷ്യല്‍ ക്ലര്‍ക്ക്, അക്കൗണ്ട്‌സ് ആന്റ് ബജറ്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, ഓര്‍ഡിനറി സൈലര്‍ എന്നീ തൊഴിലുകളില്‍ രണ്ടു ഘട്ടമായി 50 ശതമാനം സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതില്‍ ആദ്യ ഘട്ടം ആറു മാസത്തിനു ശേഷവും രണ്ടാം ഘട്ടം 12 മാസത്തിനു ശേഷവും നിലവില്‍വരും.