റിയാദ് : 2023 ലെ തൊഴില്‍ വിപണിയില്‍ സൗദി അറേബ്യയില്‍ മുന്‍തൂക്കം ഏതു മേഖലക്കായിരിക്കും. വ്യവസായ മേഖല എന്നാണ് ഉത്തരം. നിയോം പോലുള്ള വന്‍കിട പദ്ധതികള്‍ നിലവില്‍ വരുന്നതിനാലും നിരവധി ആഗോള കമ്പനികള്‍ സൗദിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പദ്ധതിയിടുന്നതിനാലും വ്യവസായ മേഖല വലിയ തോതില്‍ പുഷ്ടിപ്പെടുമെവന്നാണ് റിക്രൂട്ട്‌മെന്റ് സ്‌പെഷലിസ്റ്റകളായ ഹേയ്‌സ് പറയുന്നത്.
മാനുഫാക്ചറിംഗ്, ലോജിസ്റ്റിക്‌സ് മേഖലകളില്‍ കാര്യമായ തോതില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നതായാണ് റിപ്പോര്‍ട്ട്. സൗദികള്‍ക്കും വിദേശികള്‍ക്കും തൊഴിലവസരങ്ങള്‍ ലഭിക്കുന്നുണ്ട്. 20 മുതല്‍ 30 ശതമാനം വരെ ശമ്പള വര്‍ധനയും 2023 ല്‍ പ്രതീക്ഷിക്കാമെന്ന് ഹേയ്‌സ് പറയുന്നു. അറബ് ലോകത്തെ ഏറ്റവും മികച്ച സാമ്പത്തികവ്യവസ്ഥയായ സൗദി അറേബ്യ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒരു ട്രില്യന്‍ ഡോളറിന്റെ പുതിയ പ്രോജക്ടുകളാണ് കൊണ്ടുവന്നത്. ഇതാകട്ടെ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സൗദിവത്കരണത്തിന് മികച്ച പ്രാധാന്യമുള്ളതിനാല്‍ തദ്ദേശ പ്രതിഭകള്‍ക്ക് തന്നെയാണ് തൊഴില്‍ വിപണിയില്‍ മുന്‍തൂക്കമെങ്കിലും വിദേശികള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ട്.
സൗദിയിലും യു.എ.ഇയിലും ഈ വര്‍ഷം സെയില്‍സ് മേഖലയില്‍ തൊഴിലവസരങ്ങള്‍ വലിയ തോതില്‍ വര്‍ധിക്കുമെന്ന് ലിങ്കഡ്ഇന്‍ കോര്‍പറേഷന്‍ റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. സെയില്‍സ് മേഖലക്കു പുറമെ, ടെക്‌നോളജി, പരിസ്ഥിതി, മാനവശേഷി മേഖലകളിലും തൊഴിലവസരങ്ങള്‍ വലിയ തോതില്‍ വര്‍ധിക്കും. പ്രോഗ്രാമര്‍, സെയില്‍സ്മാന്‍, പരിസ്ഥിതി മാനേജര്‍, ഹ്യൂമന്‍ റിസോഴ്‌സ് ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ് എന്നീ തൊഴിലുകളില്‍ വലിയ വളര്‍ച്ചയുണ്ടാകും. സാങ്കേതിക മേഖലയില്‍ തൊഴിലവസരങ്ങളിലെ വര്‍ധന സൗദിയിലും യു.എ.ഇയിലും ദൃശ്യമായ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ തോതും ഡാറ്റയിലും ഓട്ടോമേഷനിലും വര്‍ധിച്ചവരുന്ന താല്‍പര്യവും പ്രതിഫലിപ്പിക്കുന്നു.