റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ വ്യാപകമായി നടക്കുന്ന വ്യാജ ഫോൺ സന്ദേശത്തിൽ ജാഗ്രത പാലിക്കാൻ രാജ്യത്തെ പ്രവാസികൾക്ക് നിർദേശം നൽകാൻ റിയാദിലെ ഇന്ത്യൻ എംബസിക്ക് സഊദി ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. സഊദി ആഭ്യന്തര മന്ത്രാലയത്തിൽ നിന്നാണെന്ന് അവകാശപ്പെട്ട് തട്ടിപ്പുമായി ഫോൺ കോളുകൾ വ്യാപകമായത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് രാജ്യത്തുള്ള പ്രവാസികൾക്ക് ജാഗ്രത പാലിക്കാൻ നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം എംബസിക്ക് നിർദേശം നൽകിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇത് സംബന്ധിച്ച് ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി സഊദി അറേബ്യയിലെ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ കാര്യങ്ങളുടെ ഡെപ്യൂട്ടി മന്ത്രിയുടെ ഓഫീസ്- പ്രവാസികാര്യ ഡയറക്ടർ ജനറൽ ആണ് ഇന്ത്യൻ എംബസിക്ക് കത്ത് നൽകിയത്.
പൗരന്മാരുടെയും താമസക്കാരുടെയും ടെലിഫോൺ നമ്പറുകളിലേക്ക് അജ്ഞാത കോളുകളിൽ നിന്ന് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ട് സംശയാസ്പദമായ നിരവധി ടെലിഫോൺ കോളുകൾ വരുന്നതായി ബന്ധപ്പെട്ട അതോറിറ്റി നിരീക്ഷിച്ചതായി മന്ത്രാലയം അറിയിച്ചു. തട്ടിപ്പ് സംഘത്തിന് ആവശ്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ, സുരക്ഷാ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയോടെയാണ് ഫോൺ കോളുകൾ വരുന്നത്. എന്നാൽ, ഇത് സത്യമാണെന്നു ധരിക്കുന്നവരും പേടിച്ചു പോകുന്നവരും നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് സംഘം അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ജാഗ്രത പാലിക്കാൻ പ്രവാസികൾക്ക് നിർദേശം നൽകാനാണ് എംബസിയോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്.
പൊതുവെ സംശയാസ്പദമായ ടെലിഫോൺ കോളുകളും സന്ദേശങ്ങളും ലഭിക്കുന്നത് ചില സംഘടിത സംഘങ്ങളിൽ നിന്നാണ്, അവരിൽ ഭൂരിഭാഗവും രാജ്യത്തിന് പുറത്ത് നിന്നുള്ളവരാണ്. ഇക്കാര്യത്തിൽ, സഊദി അറേബ്യയിലെ ബന്ധപ്പെട്ട അധികാരികൾ സോഷ്യൽ മീഡിയ വഴി ബോധവൽക്കരണ കാംപയ്‌നുകൾ നടത്തിയിട്ടുണ്ട്, ഇത് സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ അവബോധം പ്രചരിപ്പിക്കുന്നതിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്നുവെന്നും എംബസിക്ക് നൽകിയ കത്തിൽ ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഇത്തരം കോളുകളോട് പ്രതികരിക്കരുതെന്ന് രാജ്യത്തുള്ള അവരുടെ താമസക്കാരെയും ഉപദേശിക്കണമെന്ന് എല്ലാ എംബസി, കോൺസുലേറ്റ് മിഷനുകളോടും മന്ത്രാലയം അഭ്യർത്ഥിച്ചു. ബാങ്കുകളിലെ വ്യക്തിഗത വിവരങ്ങളോ വ്യക്തിഗത അക്കൗണ്ടുകളോ അപ്ഡേറ്റ് ചെയ്യുന്നതിനായി വിവരങ്ങൾ നൽകുന്നത് ഔദ്യോഗിക ചാനലുകൾ വഴി മാത്രമായിരിക്കണമെന്നും മന്ത്രാലയം ഉണർത്തി.