ദോഹ : ഖത്തറിലെ വുഖൂദ് പെട്രോള്‍ സ്‌റ്റേഷനുകളിലെല്ലാം ഇനി ഇലക്ട്രോണിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാന്‍ സൗകര്യം ലഭിക്കും. കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറച്ച് സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റമാ) ആണ് ഇതിന് സംവിധാനം ഒരുക്കുന്നത്. ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ചാര്‍ജിംഗ് ശൃംഖല എല്ലാ ഇടങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായയും കഹ്‌റമാ അറിയിച്ചു. രണ്ടുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
രണ്ട് വര്‍ഷത്തിനകം രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന എല്ലാ വുഖൂദ് പെട്രോള്‍ സ്റ്റേഷനുകളിലും ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നതിന് കമ്പനിയുമായി കരാറില്‍ ഒപ്പുവച്ചതായി കഹ്റമായിലെ സുസ്ഥിര ഗതാഗത വിഭാഗം മേധാവി മുഹമ്മദ് അല്‍ ഷര്‍ഷാനി പറഞ്ഞു. അബൂ സംറയിലെ വുഖൂദ് പെട്രോള്‍ സ്റ്റേഷനില്‍ കഹ്റമാ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം ഇതിനകം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. വുഖൂദ് സ്റ്റേഷനുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 37 ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് യൂണിറ്റുകള്‍ വിതരണം ചെയ്യുന്നതിനും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള കരാറിലാണ് ഇരു കമ്പനികളും ഒപ്പുവച്ചത്.
ക്രമേണ, എല്ലാ വുഖൂദ് സ്റ്റേഷനുകളിലേക്കും ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ശൃംഖല വിപുലീകരിക്കും.
ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ സുസ്ഥിര ലക്ഷ്യങ്ങള്‍ പിന്തുടര്‍ന്ന് രാജ്യത്തുടനീളം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നല്‍കാന്‍ കഹ്റാമ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ പവര്‍ കണക്ഷനുകളെ ആശ്രയിച്ചിരിക്കും ചാര്‍ജിംഗ് വേഗതയെന്നും അല്‍ ഷര്‍ഷാനി പറഞ്ഞു. 50 കിലോവാട്ട് ശേഷിയുള്ള ഒരു ചാര്‍ജിംഗ് യൂണിറ്റ് ഒരു വാഹനം ചാര്‍ജ് ചെയ്യാന്‍ 40 മിനിറ്റ് എടുക്കും. 100 കിലോ വാട്ട് ചാര്‍ജിംഗ് യൂണിറ്റുകള്‍ക്ക് 30 മിനുട്ടും 150 കിലോ വാട്ട് യൂനിറ്റുകള്‍ക്ക് 20 മിനിറ്റുമാണ് വാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ വൈദ്യുതി കണക്ഷന്‍ 300 കിലോവാട്ടായി വര്‍ധിപ്പിക്കാനുള്ള സാധ്യതാ പഠനം നടക്കുന്നുണ്ടെന്നും ഇത് ചാര്‍ജിംഗ് സമയം 10 മിനിറ്റായി കുറയ്ക്കുമെന്നും അല്‍ ഷര്‍ഷാനി വെളിപ്പെടുത്തി.
ആദ്യ ഘട്ടമെന്ന നിലയില്‍ 2022 ല്‍ ഖത്തറില്‍ 100 ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കഹ്‌റമാ സ്ഥാപിച്ചു. രണ്ടാം ഘട്ടത്തില്‍ 2023 ല്‍ 150 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കും. 2030നകം 600 മുതല്‍ 1,000 വരെ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കഹ്റാമ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം നെറ്റ്വര്‍ക്ക് വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, മാളുകള്‍, ഹോട്ടലുകള്‍, പെട്രോള്‍ സ്‌റ്റേഷനുകള്‍, പൊതു, സ്വകാര്യ പാര്‍ക്കിംഗ് ഏരിയകള്‍ എന്നിവിടങ്ങളില്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള സേവനങ്ങള്‍ വിപുലീകരിക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളോട് ആഭിമുഖ്യം വളര്‍ത്തുന്നതിന്റെ ഭാഗമായുമാണ് കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് ചാര്‍ജിംഗ് ശൃംഖല വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.