റിയാദ് : വികസന പദ്ധതികള്‍ക്കു വേണ്ടി ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് കൂടുതല്‍ വേഗത്തില്‍ നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം. ഏറ്റെടുക്കുന്ന കെട്ടിടങ്ങളും സ്ഥലങ്ങളും ഒഴിപ്പിക്കുന്നതിനു മുമ്പായി നഷ്ടപരിഹാരം വിതരണം ചെയ്യാനാണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ഏറ്റെടുക്കുന്ന കെടിട്ടങ്ങളുടെയും സ്ഥലങ്ങളുടെയും ഉടമസ്ഥാവകാശം സര്‍ക്കാറിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങള്‍ നോട്ടറി പബ്ലിക് ഓഫീസോ കോടതിയോ മുഖേന പൂര്‍ത്തിയായ ശേഷം കെട്ടിടങ്ങളും സ്ഥലങ്ങളും ഒഴിപ്പിക്കുന്നതിനു മുമ്പായി നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ അനുശാസിക്കുന്ന നിലക്ക് 20 വര്‍ഷം മുമ്പ് പാസാക്കിയ സ്ഥലമേറ്റെടുക്കല്‍ നിയമത്തിലെ പതിനേഴാം വകുപ്പില്‍ ഭേദഗതി വരുത്തുകയാണ് മന്ത്രിസഭ ചെയ്തത്.
വികസന പദ്ധതികള്‍ക്കു വേണ്ടി ഏറ്റെടുക്കുന്ന കെട്ടിടങ്ങളും സ്ഥലങ്ങളും പൂര്‍ണമായും ഒഴിപ്പിച്ച ശേഷമാണ് ഇതുവരെ നഷ്ടപരിഹാരം വിതരണം ചെയ്തിരുന്നത്. ഇത് പലപ്പോഴും ഉടമകള്‍ക്ക് പലവിധ പ്രയാസങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് വരുത്തിയ പുതിയ നിയമ ഭേദഗതിയിലൂടെ കുടിയൊഴിപ്പിക്കുന്നതിനു മുമ്പായി ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും.