ദുബായ് : അടുത്ത വർഷം മുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കാരി ബാഗുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് രാജ്യവ്യാപകമായി സമ്പൂർണ നിരോധനം ഏർപ്പെടുത്തുമെന്ന് യുഎഇ സർക്കാർ അറിയിച്ചു. 2024 ജനുവരി ഒന്നും മുതൽ ഇത്തരം സിംഗിൾ യൂസ് പ്ലാസ്റ്റിക് ബാഗുകൾ പൂർണമായി നിരോധിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഇറക്കുമതി, ഉൽപ്പാദനം, വിതരണം എന്നിവയ്ക്കാണ് മന്ത്രിതല പ്രമേയത്തിലൂടെ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.
2026 ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് കട്ട്‌ലറി, ഡ്രിങ്ക്സ് കപ്പുകൾ, സ്‌റ്റൈറോഫോം, ബോക്സുകൾ എന്നിവ ഇറക്കുമതി ചെയ്യുന്നതും നിരോധിക്കുമെന്നും അധികൃതർ അറിയിച്ചു. നിരോധനത്തിൽ പ്ലാസ്റ്റിക് അടങ്ങിയ ഫുഡ് പാക്കേജിംഗ്, പ്ലാസ്റ്റിക് കുപ്പികൾ, കോട്ടൺ സ്റ്റിക്കുകൾ, പടക്കപ്പൊതികൾ, സിഗരറ്റ് കുറ്റികൾ, ബലൂണുകൾ, ബലൂൺ സ്റ്റിക്കുകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടും.
എല്ലാ ഷോപ്പിംഗ് സ്റ്റോറുകളിലും റീട്ടെയിൽ സ്റ്റോറുകളിലും സെയിൽസ് ഔട്ട്ലെറ്റുകളിലും അനുയോജ്യമായതും പ്രകൃതി സൗഹൃദവും പല തവണ ഉപയോഗിക്കാൻ പറ്റുന്നതുമായ സ്ഥിരം ബദൽ സംവിധാനങ്ങൾ നടപ്പിലാക്കാൻ വ്യാപാരികളും ഉപഭോക്താക്കളും തയ്യാറാകണമന്നും ഏജൻസി വ്യക്തമാക്കി. സമ്പൂർണ നിരോധനത്തിന്റെ മുന്നോടിയായി കഴിഞ്ഞ വർഷം ദുബായ് അധികൃതർ വ്യാപാര സ്ഥാപനങ്ങൾ നൽകുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽസ് ചാർജ് ഏർപ്പെടുത്തിയിരുന്നു. അബൂദാബിയാവട്ടെ മിക്ക പ്ലാസ്റ്റിക് ബാഗുകൾക്കും ഇതിനകം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നടപടിളിൽ നിന്ന് അൽപം കൂടി കടന്നാണ് സമ്പൂർണ നിരോധനം അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.
അബുദാബിയിൽ, ജൂൺ ഒന്നിന് ഏർപ്പെടുത്തിയ ഭാഗിക നിരോധനത്തിലൂടെ ഇതിനകം തന്നെ 87 ദശലക്ഷം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാൻ സാധിച്ചിരുന്നു. പ്ലാസ്റ്റിക് ഉപയോഗത്തിൽ ഏകദേശം 90 ശതമാനത്തിന്റെ കുറവാണ് ഇതുമൂലം രേഖപ്പെടുത്തിയത്. 2024 ജനുവരി ഒന്ന് മുതൽ ബാഗുകൾ നിരോധിക്കാൻ ഷാർജ നേരത്തെ തന്നെ തീരുമാനം കൈക്കൊണ്ടിരുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗ് നിരോധനം നടപ്പാക്കിയതു മുതൽ, അബുദാബി പരിസ്ഥിതി ഏജൻസി, സാമ്പത്തിക വികസന വകുപ്പ്, അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഇൻസ്‌പെക്ടർമാരുടെ ഒരു സംഘം വിൽപന കേന്ദ്രങ്ങളിൽ സംയുക്ത പരിശോധന നടത്തുകയും ബോധവൽക്കരണ ക്യാംപയിൻ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായാണ് വലിയ തോതിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനായത്.