റിയാദ്: സൗദി പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി രാജകീയ ഉത്തരവ്. ആർട്ടിക്കിൾ 8 ഭേദഗതി വരുത്തിയതായി സൗദിയുടെ ഔദ്യോഗിക ദിനപത്രമായ ഉമ്മുൽ ഖുറയാണ് വാർത്ത നൽകിയത്. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കി പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരം എന്ന വാചകമാണ് ഭേദഗതി ചെയ്തത്. ഭേദഗതിക്ക് മുമ്പുള്ള സൗദി പൗരത്വ വ്യവസ്ഥയുടെ ആർട്ടിക്കിൾ 8, പ്രകാരം, ആവശ്യമായ വ്യവസ്ഥകൾ പാലിച്ചാൽ വിദേശിയായ പിതാവിന്റെയും സൗദി മാതാവിന്റെയും രാജ്യത്തിനുള്ളിൽ ജനിച്ച ഒരാൾക്ക് ആഭ്യന്തര മന്ത്രിയുടെ തീരുമാനപ്രകാരം സൗദി പൗരത്വം നൽകാമെന്നാണ് വ്യവസ്ഥ.
ആർട്ടിക്കിൾ നമ്പർ 9 അനുസരിച്ച്, നിരവധി നിബന്ധനകൾ പാലിക്കുന്ന ഒരു വിദേശിക്ക് സൗദി അറേബ്യൻ പൗരത്വം നൽകാനാകും. പൗരത്വത്തിനായി പ്രായപൂർത്തിയായവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷകൻ സൗദിയിൽ ഇഖാമ ഉള്ളവനായിരിക്കമം. തുടർച്ചയായി 10 വർഷത്തിൽ കുറയാത്ത കാലയളവിൽ സൗദിയിലുള്ള ആളായിരിക്കണം, നല്ല മനസിന് ഉടമയും നല്ല പെരുമാറ്റം ഉള്ളവനുമായിരിക്കണം, ഒരു കുറ്റകൃത്യത്തിന് ആറുമാസത്തിൽ കൂടുതൽ തടവ് ശിക്ഷ അനുഭവിക്കാത്ത ആളാകണം, രാജ്യത്തിന് ആവശ്യമായ തൊഴിൽ ചെയ്യുന്ന ആളായിരിക്കണം എന്നിങ്ങനെയാണ് വ്യവസ്ഥ. അറബി സംസാരിക്കാനും വായിക്കാനും എഴുതാനും നന്നായി അറിയുകയും വേണം എന്ന വ്യവസ്ഥയുമുണ്ട്.