റിയാദ് : ഈ വര്‍ഷത്തെ ഹജിന് സൗദിയില്‍നിന്നുള്ള സ്വദേശികളും വിദേശികളുമടക്കം 70,000 പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി ഹജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ.അബ്ദുല്‍ ഫത്താഹ് മശാത്ത് അറിയിച്ചു. ദുല്‍ഹിജ്ജ ഏഴ് അഥവാ ജൂണ്‍ 25 വരെ അപേക്ഷ സ്വീകരിക്കുമെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. നുസുക് ആപ്ലിക്കേഷന്‍ വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ആണ് ഹജിന് അപേക്ഷിക്കേണ്ടത്. നിശ്ചിത തിയ്യതിക്കകം ആഭ്യന്തര ഹജ് ക്വാട്ട അവസാനിച്ചാല്‍ പിന്നീട് അപേക്ഷ സ്വീകരിക്കില്ല. ബുക്കിംഗ് പൂര്‍ത്തിയായാല്‍ അപേക്ഷകന് മൊബൈലില്‍ സന്ദേശമെത്തും. ഇക്കാര്യം സൈറ്റ് വഴയും ആപ്ലിക്കേഷന്‍ വഴിയും പരിശോധിക്കാം.
3984 മുതല്‍ 11435 വരെയുള്ള നാല് പാക്കേജുകളാണ് ആഭ്യന്തര ഹാജിമാര്‍ക്ക് ഇക്കുറി പ്രഖ്യാപിച്ചിട്ടുള്ളത്. പണം ഒന്നിച്ചോ മൂന്ന് ഘട്ടമായോ അടക്കാവുന്നതാണ്. പണമടച്ച ശേഷം ആശ്രിതരെ ചേര്‍ക്കാന്‍ സാധിക്കില്ല. ബുക്കിംഗിന് അപേക്ഷിച്ചാല്‍ പിന്നീട് ഓണ്‍ലൈന്‍ വഴി റദ്ദാക്കാനും സാധിക്കില്ല. ഹജ് ചെയ്യണമെങ്കില്‍ ഹജ് വിസയോ അല്ലെങ്കില്‍ സൗദി അറേബ്യയിലെ ഇഖാമയോ വേണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ഹജിന് അഞ്ച് മാസം മുമ്പ് തന്നെ മുഴുവന്‍ തുകയും അടക്കുന്നതിനു പകരം തീര്‍ഥാടകരുടെ സൗകര്യാര്‍ഥമാണ് മൂന്ന് ഗഡുക്കളാക്കിയതെന്ന് മന്ത്രി അബ്ദുല്‍ ഫത്താഹ് മശാത്ത് പറഞ്ഞു.
കോവിഡ് കാലത്തിനു മുമ്പത്തെ പോലെ ആയിരിക്കും ഇക്കുറി ഹജെന്നും നിയന്ത്രണങ്ങള്‍ എടുത്തുകളയുമെന്നും മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.