ജിദ്ദ: സൗദി അറേബ്യയിലെ വിനോദസഞ്ചാര മേഖലയിൽ നിക്ഷേപം നടത്തുന്ന വ്യവസായ സംരംഭകർ രാജ്യത്തെ ടൂറിസം സംവിധാനത്തിലെ വ്യവസ്ഥകൾ നിർബന്ധമായും പാലിക്കേണ്ടതുണ്ടെന്ന് ടൂറിസം മന്ത്രാലയം ഓർമപ്പെടുത്തി. ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ, ട്രാവൽ ആൻഡ് ടൂറിസം സേവനങ്ങൾ, ടൂറിസം ഗൈഡൻസ്, ടൂറിസം ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് എന്നിവക്ക് നിശ്ചയിച്ച വ്യവസ്ഥകളെല്ലാം കർശനമായി പാലിക്കണം.
പുതിയ സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയം നിയമങ്ങൾ നിശ്ചയിച്ചത് അടുത്തിടെയാണ്. രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ വികാസത്തിനുള്ള ദേശീയ പദ്ധതിയുടെ ഭാഗമാണിത്. അന്തർദേശീയ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിൽ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും വിനോദസഞ്ചാരികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ഈ നിയമങ്ങൾ രൂപവത്കരിച്ചിരിക്കുന്നത്.
വിനോദസഞ്ചാരികൾക്ക് താമസസൗകര്യം നൽകുന്ന ഫർണിഷ് ചെയ്ത കേന്ദ്രങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ടൂറിസം ഹോസ്പിറ്റാലിറ്റി ഫെസിലിറ്റി റെഗുലേഷൻസ് എന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം സ്ഥാപനങ്ങൾ ടൂറിസം മന്ത്രാലയത്തിൽനിന്ന് ഔദ്യോഗിക ലൈസൻസ് നേടിയിരിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങളും അതിെൻറ നിയന്ത്രണങ്ങളും വ്യവസ്ഥകളും ലൈസൻസിയുടെ തുടർബാധ്യതകളും ടൂറിസം ഹോസ്പിറ്റാലിറ്റി ഫെസിലിറ്റീസ് മാനേജ്മെന്റ് വ്യവസ്ഥയിൽ വിശദീകരിച്ചിട്ടുണ്ട്. സേവനദാതാവും മന്ത്രാലയവും തമ്മിലുള്ള ലൈസൻസിങ്, ഇളവുകൾ, നിലവിലുള്ള ബാധ്യതകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്.
ലൈസൻസിങ് വ്യവസ്ഥകൾ, ഇളവുകൾ, സാമ്പത്തിക ഗാരന്റികൾ, ലൈസൻസിയുടെ മേലുള്ള തുടർബാധ്യതകൾ എന്നിവയുൾപ്പെടെ കാര്യങ്ങളും അധ്യായങ്ങളായി തിരിച്ചിരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു. ടൂറിസം മേഖലയിലെ നിക്ഷേപകർക്ക് പുതിയ ആവശ്യകതകളും മാനദണ്ഡങ്ങളും അനുസരിച്ച് അവരുടെ വ്യവസ്ഥകൾ ക്രമീകരിക്കുന്നതിന് 90 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.