റിയാദ്- എക്‌സിറ്റ് പതിനെട്ടിൽ തൊഴിലാളികളുടെ റൂമുകളിൽ മോഷണം പതിവാകുന്നു. എക്‌സിറ്റ് പതിനെട്ടിൽ ഇസ്തിറാഹകളുള്ള പ്രദേശത്താണ് വിവിധ കമ്പനികളിലെ തൊഴിലാളികൾ താമസിക്കുന്നത്. ഈയിടെയായി മോഷണം വ്യാപകമായിരിക്കുകയാണ്.
എല്ലാവരും ഡ്യൂട്ടിക്ക് പോകുന്ന പകൽ സമയങ്ങളിലാണ് മോഷണം ഏറെയും നടക്കുന്നതെന്ന് കെ.എം.സി.സി സാമൂഹിക പ്രവർത്തകനായ അലി വെട്ടത്തൂർ പറഞ്ഞു.
നിരവധി പേരാണ് ഇവിടെ താമസിക്കുന്നത്. പ്രത്യേക കോമ്പൗണ്ടുകളിലാണ് താമസ കേന്ദ്രങ്ങൾ ഏറെയുമുളളത്. രാവിലെ മുതൽ വൈകുന്നേരം വരെയാണ് എല്ലാവർക്കും ഡ്യൂട്ടിയുള്ളത്. ഈ സമയത്താണ് മോഷ്ടാക്കൾ വിലസുന്നത്. താമസ സ്ഥലങ്ങളിലെത്തുന്ന മോഷ്ടാക്കൾ പാസ്‌പോർട്ടും പണവും മൊബൈൽ ഫോണുമടക്കം ഇലക്ട്രിക് ഉപകരണങ്ങളും വസ്ത്രങ്ങളുമടക്കം കയ്യിൽ കിട്ടുന്നതെല്ലാം കൊണ്ടുപോകുന്നുണ്ട്.
ഇതാണ് എല്ലാവരെയും കുഴയ്ക്കുന്നതും. ഡ്യൂട്ടി കഴിഞ്ഞെത്തുമ്പോൾ റൂമിലുള്ള എല്ലാ സാധനങ്ങളും മോഷണം പോകുന്നത് കൊണ്ട് തൊഴിലാളികൾ ഏറെ പ്രയാസത്തിലാണ്. കഴിഞ്ഞ ദിവസം കള്ളൻമാർ ഒരു താമസ സ്ഥലത്ത് മോഷ്ടിക്കാനെത്തിയപ്പോൾ അവിടെ ആളുകളെ കണ്ടപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. തൊഴിലാളികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.