റിയാദ്: ഉപയോഗശൂന്യമായ e divice കൾ അലക്ഷ്യമായി വലിച്ചെറിയുന്നതിന് പകരം റീസൈക്കിൾ ചെയ്യാൻ അവസരം. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സിഐടിസി) ആണ് “റീസൈക്കിൾ യുവർ ഡിവൈസ്” എന്ന പദ്ധതിയുമായി രംഗത്തെത്തിയത്.
ഇതിനകം തന്നെ 40,000-ലധികം ഉപയോഗശൂന്യമായ ഇ-ഉപകരണങ്ങൾ ഇത്തരത്തിൽ എത്തിച്ചേർന്നതായി അധികൃതർ അറിയിച്ചു. 1 മില്യണിലധികം റിയാൽ മൂല്യമുള്ള വസ്തുക്കളാണ് ഇവ.
ഇലകട്രോണിക്സ് വേസ്റ്റ് പരിസ്ഥിതിയിൽ ഏൽപ്പിക്കുന്ന ആഘാതം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. സമൂഹത്തിലെ പാരിസ്ഥിതിക സുസ്ഥിരതയുടെ പ്രാധാന്യത്തെക്കുറിച്ചും ഓരോ വ്യക്തികളോടും അവരുടെ ഉത്തരവാദിത്തത്തെക്കുറിച്ചും അവബോധം നൽകൽ ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതായി സി ഐ ടി സി പറഞ്ഞു. പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കുക, ഉദ്‌വമനവും ഇ-മാലിന്യവും കുറയ്ക്കുക, ഉപകരണങ്ങൾ പുനരുപയോഗം ചെയ്യുന്നതിലൂടെ സാമ്പത്തിക പാഴ്‌വസ്തുക്കൾ കുറയ്ക്കുക എന്നിവയും ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.
ഉപയോഗശൂന്യമായ ടാബ്‌ലെറ്റുകൾ, പ്രിന്ററുകൾ, ലാപ്‌ടോപ്പുകൾ, ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, മോഡമുകൾ, ലാൻഡ്‌ലൈൻ ഫോണുകൾ എന്നിവയാണ് ഈ സംരംഭത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇ-ഉപകരണങ്ങൾ. നിരവധി വ്യക്തികൾക്കൊപ്പം ബിസിനസ്സ് മേഖലയിലെ നിരവധി സ്ഥാപനങ്ങളും പദ്ധതിയിൽ ഇതിനകം തന്നെ പങ്കാളികളായിട്ടുണ്ട്.
കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (എംസിഐടി), നാഷണൽ സെന്റർ ഫോർ വേസ്റ്റ് മാനേജ്‌മെന്റ് (എംഡബ്ല്യുഎഎൻ), സ്വകാര്യ മേഖല എന്നിവയുടെ സഹകരണത്തോടെയാണ് ഇ-ഉപകരണങ്ങളിൽ നിന്നുള്ള മാലിന്യം കുറയ്ക്കുന്നതിനുള്ള പദ്ധതി സിഐടിസി ആരംഭിച്ചത്.
“നിങ്ങളുടെ ഉപകരണം റീസൈക്കിൾ ചെയ്യുക” എന്ന കാംപയിനിൽ പങ്കാളികളാകാൻ രാജ്യത്തെ എല്ലാ പൗരന്മാരോടും താമസക്കാരോടും സി ഐ ടി സി ആഹ്വാനം ചെയ്തു. ജനുവരി 31 വരെയാണ് കാംപയിനിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം. ഈ സംരംഭം അവസാനിക്കുന്നതിന് മുമ്പ് https://ca.cst.gov.sa/l/recycle എന്ന ലിങ്ക് വഴി ഉപയോഗിക്കാത്ത ഇ-ഉപകരണങ്ങൾ നൽകാനാകും.