- ദുൽഹജ് ഒന്നിനു ശേഷം ബുക്കിംഗ് റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ല
മക്ക – ബുക്ക് ചെയ്ത ഹജ് പാക്കേജ് മാറ്റാൻ കഴിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ബുക്കിംഗ് റദ്ദാക്കി ലഭ്യമായ സീറ്റുകൾക്കും പാക്കേജുകൾക്കും അനുസരിച്ച് വീണ്ടും ഹജിന് ബുക്ക് ചെയ്യാവുന്നതാണെന്ന് മന്ത്രാലയം പറഞ്ഞു. ബുക്കിംഗ് റദ്ദാക്കുമ്പോൾ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും മന്ത്രാലയം വ്യക്തമാക്കി. ഹജ് പെർമിറ്റ് ഇഷ്യു ചെയ്യുന്നതിനു മുമ്പും പെർമിറ്റ് ഇഷ്യു ചെയ്ത ശേഷവും ബുക്കിംഗ് റദ്ദാക്കി പണം തിരികെ ഈടാക്കാൻ സാധിക്കും.
പെർമിറ്റ് ഇഷ്യു ചെയ്യുന്നതിനു മുമ്പായി, ഹജ് രജിസ്‌ട്രേഷൻ ആരംഭിച്ച് ശവ്വാൽ 14 വരെയുള്ള കാലത്ത് ബുക്കിംഗ് റദ്ദാക്കുന്നവർക്ക് അവർ അടച്ച തുക പൂർണമായും തിരികെ ലഭിക്കും. വ്യവസ്ഥകൾ പൂർണമല്ലാത്തത് അടക്കം അപേക്ഷകരുടെ ഭാഗത്തുള്ള വീഴ്ചകളും പോരായ്മകളും കാരണം പെർമിറ്റ് നിഷേധിക്കപ്പെടുന്ന പക്ഷം ഇലക്‌ട്രോണിക് സേവനങ്ങൾക്കുള്ള ഫീസുകൾ പിടിച്ച ശേഷമാണ് തുക തിരികെ നൽകുക. ഹജ് പെർമിറ്റ് ഇഷ്യു ചെയ്ത ശേഷം ശവ്വാൽ 15 മുതൽ ദുൽഖഅ്ദ അവസാനം വരെയുള്ള കാലത്ത് ബുക്കിംഗ് റദ്ദാക്കുന്നവരിൽ നിന്ന് ഇലക്‌ട്രോണിക് സേവനങ്ങൾക്കുള്ള ഫീസുകളും കരാർ തുകയുടെ പത്തു ശതമാനവും പിടിച്ച ശേഷമാണ് പണം തിരികെ നൽകുക. ദുൽഹജ് ഒന്നിനു ശേഷമാണ് ബുക്കിംഗ് റദ്ദാക്കുന്നതെങ്കിൽ തീർഥാടകർ അടക്കുന്ന പണത്തിൽ നിന്ന് യാതൊന്നും തിരികെ ലഭിക്കില്ലെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
മരണം, ആരോഗ്യപരമായ അശക്തത, ക്രിമിനൽ കേസുകൾ, വാഹനാപകടങ്ങളെ തുടർന്നുള്ള അഡ്മിറ്റ് എന്നീ സാഹചര്യങ്ങളിൽ ബുക്കിംഗ് റദ്ദാക്കുന്നവർക്ക് അവർ അടക്കുന്ന തുക പൂർണമായും തിരികെ നൽകും. ദുൽഹജ് ഒന്നിനു ശേഷം കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നവർക്കും ഇതേപോലെ പണം മുഴുവനായും തിരികെ നൽകും. ഇതിന് അബ്ശിർ പ്ലാറ്റ്‌ഫോം വഴി ഹജ് പെർമിറ്റ് റദ്ദാക്കണം. ശേഷം ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റോ നുസുക് പ്ലാറ്റ്‌ഫോമോ വഴിയും ഹജ് പെർമിറ്റ് റദ്ദാക്കണം. ബുക്കിംഗിന് വിരുദ്ധമാകുന്ന നിലക്ക് ഹജുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിലും ആരോഗ്യ വ്യവസ്ഥകളിലും ഭേദഗതികൾ വരുത്തുന്നതു മൂലം പെർമിറ്റ് റദ്ദാക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ആണെങ്കിലും തീർഥാടകർ അടക്കുന്ന പണം പൂർണമായും തിരികെ നൽകുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.