റിയാദ് – ജ്വല്ലറി മേഖലയില്‍ ഇപ്പോഴും ബിനാമി ബിസിനസ് പ്രവണത വ്യാപകമാണെന്ന് സൗദി വ്യാപാരികള്‍ പരാതിപ്പെടുന്നു. ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാന്‍ വാണിജ്യ മന്ത്രാലയം അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകള്‍ ശക്തമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങളുടെ പൗരത്വം നേടി വിദേശികള്‍ സൗദിയില്‍ ജ്വല്ലറി ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്. ബിസിനസ്, തൊഴില്‍ മേഖലകളില്‍ ഗള്‍ഫ് പൗരന്മാരെ സൗദി പൗരന്മാരെ പോലെ പരിഗണിക്കുന്ന ഇളവുകള്‍ പ്രയോജനപ്പെടുത്തിയാണ് ഗള്‍ഫ് പൗരത്വം നേടി വിദേശികള്‍ സൗദിയില്‍ ജ്വല്ലറി മേഖലയില്‍ ബിസിനസുകള്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ സൗദിയില്‍ ജ്വല്ലറി മേഖല ഏറെക്കുറെ ഇത്തരക്കാരുടെ നിയന്ത്രണത്തിലാണ്.
ഏഷ്യന്‍ വംശജര്‍ നിയമ വിരുദ്ധമായി നടത്തുന്ന ആഭരണ നിര്‍മാണ കേന്ദ്രങ്ങളും ജ്വല്ലറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൗദി വ്യാപാരികള്‍ക്കും നിക്ഷേപകര്‍ക്കും തിരിച്ചടിയാണ്. സൗദിയില്‍ നിയമാനുസൃതമായി ജ്വല്ലറി ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലാത്ത വിദേശികള്‍ വളഞ്ഞ വഴികളില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുകയാണെന്ന് സൗദി വ്യാപാരികളും നിക്ഷേപകരും പരാതിപ്പെടുന്നു. സൗദി അറേബ്യക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയിലെ കരാതിര്‍ത്തി പോസ്റ്റുകള്‍ വഴി എളുപ്പത്തില്‍ രാജ്യത്ത് പ്രവേശിക്കാമെന്നത് ഗള്‍ഫ് വിപണികളില്‍ സഞ്ചരിച്ച് സ്വര്‍ണ വില്‍പന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ വിദേശ നിക്ഷേപകര്‍ക്ക് പ്രചോദനമായി മാറുകയാണ്.
നേരത്തെ സൗദിയില്‍ ജ്വല്ലറി മേഖലയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന വിദേശ നിക്ഷേപകര്‍ ഗള്‍ഫ് രാജ്യങ്ങളുടെ പൗരത്വം നേടിയെടുത്ത് ഈ പദവി പ്രയോജനപ്പെടുത്തി സൗദിയില്‍ ആഭരണ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്. ഇത്തരം പ്രവണതകള്‍ക്ക് തടയിടാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഇടപെടലുകള്‍ നടത്തണമെന്ന് സൗദി നിക്ഷേപകര്‍ ആവശ്യപ്പെട്ടു.
വിദേശികള്‍ സൗദിയില്‍ നിരവധി ജ്വല്ലറികള്‍ നടത്തുന്നുണ്ടെന്ന് സ്വര്‍ണ വ്യാപാരി അബ്ദുല്‍ഹാദി മുഹമ്മദ് പറഞ്ഞു. ഇത്തരക്കാര്‍ സൗദി വ്യാപാരികള്‍ക്ക് കോട്ടംതട്ടിക്കുകയാണ്. സൗദി വിപണിയിലെ ഉയര്‍ന്ന വാങ്ങല്‍ ശക്തി സൗദിയില്‍ ബിസിനസ് വിപുലീകരിക്കാന്‍ വിദേശികളെ പ്രേരിപ്പിക്കുകയാണ്. ചില വിദേശികള്‍ സന്ദര്‍ശന വിസയില്‍ സൗദിയില്‍ പ്രവേശിച്ച് ജ്വല്ലറി മേഖലയില്‍ ബിസിനസ് ചെയ്യുന്നുണ്ട്. ബിനാമി ബിസിനസ് പ്രവണത അടക്കം സൗദി സ്വര്‍ണ വ്യാപാരികള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ പരിഹാരം കാണണമെന്ന് അബ്ദുല്‍ഹാദി മുഹമ്മദ് ആവശ്യപ്പെട്ടു.
സൗദിയില്‍ മറ്റു പ്രവിശ്യകളെ അപേക്ഷിച്ച് കിഴക്കന്‍ പ്രവിശ്യയില്‍ ജ്വല്ലറി മേഖലയില്‍ സൗദിവല്‍ക്കരണം കൂടുതലാണ്. റിയാദ് അടക്കമുള്ള പ്രവിശ്യകളില്‍ സൗദിവല്‍ക്കരണ തീരുമാനം ലംഘിച്ച് നിരവധി വിദേശികള്‍ ജ്വല്ലറികളില്‍ ജോലി ചെയ്യുന്നുണ്ട്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ വര്‍ഷം ജ്വല്ലറികളില്‍ നടത്തിയ പരിശോധനകളില്‍ സൗദിവല്‍ക്കരണം ലംഘിച്ചതിന് 434 സ്ഥാപനങ്ങള്‍ക്ക് പിഴകള്‍ ചുമത്തിയിരുന്നു. പരിശോധനകള്‍ നടത്തിയ ജ്വല്ലറികളില്‍ മഹാഭൂരിഭാഗവും തൊഴില്‍ നിയമങ്ങള്‍ പൂര്‍ണമായു പാലിക്കുന്നതായി വ്യക്തമായി.
ജ്വല്ലറികളില്‍ ജോലി ചെയ്യുന്നവര്‍ പ്രൊഫഷനല്‍ ലൈസന്‍സ് നേടണമെന്ന വ്യവസ്ഥയും സമീപ കാലത്ത് ബാധകമാക്കിയിട്ടുണ്ട്. നാലായിരത്തിലേറെ പേര്‍ ഇതിനകം പ്രൊഫഷനല്‍ ലൈസന്‍സ് നേടിയിട്ടുണ്ട്. സൗദിയില്‍ ആഭരണ മൊത്ത വ്യാപാര മേഖലയില്‍ 2,051 ഉം ചില്ലറ വ്യാപാര മേഖലയില്‍ 4,720 ഉം കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുണ്ട്. ഇറക്കുമതി നിക്ഷേപകര്‍ക്ക് 981 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളും വാണിജ്യ മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം വാണിജ്യ മന്ത്രാലയം ജ്വല്ലറികളില്‍ 15,800 ലേറെ ഫീല്‍ഡ് പരിശോധനകള്‍ നടത്തി. ഇതിനിടെ 175 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഹാള്‍മാര്‍ക്ക് മുദ്രണം ചെയ്യാതിരിക്കല്‍, ക്യാരറ്റില്‍ കുറവ്, ഇന്‍വോയ്‌സ് വിവരങ്ങളിലെ അപൂര്‍ണത, ഇന്‍വോയ്‌സ് നല്‍കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങളാണ് ജ്വല്ലറികളുടെ ഭാഗത്ത് കണ്ടെത്തിയത്. ഈ സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു.
സൗദിയില്‍ ആഭരണ മൊത്ത വ്യാപാര മേഖലയില്‍ 51 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 20 എണ്ണം മക്ക പ്രവിശ്യയിലും 12 എണ്ണം കിഴക്കന്‍ പ്രവിശ്യയിലും 11 എണ്ണം റിയാദിലും മൂന്നെണ്ണം അല്‍ബാഹയിലും രണ്ടെണ്ണം ഉത്തര അതിര്‍ത്തി പ്രവിശ്യയിലുമാണ്. മദീന, അല്‍ഖസീം, ഹായില്‍ എന്നിവിടങ്ങളില്‍ ഓരോ ആഭരണ മൊത്ത വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു