ദുബായ് : 2023 ജനുവരി ഒന്നു മുതല്‍ യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരാന്‍ ജൂണ്‍ 30 വരെ സമയം. ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലും ജോലി ചെയ്യുന്ന സ്വദേശികളും പ്രവാസികളുമായ മുഴുവന്‍ ജീവനക്കാരും ജൂണ്‍ 30നകം ഇന്‍ഷുറന്‍സ് സ്‌കീമില്‍ വരിക്കാരാകണമെന്ന് യുഎഇ മനുഷ്യവിഭവ സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. അല്ലാത്ത പക്ഷം ജീവനക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അതേസമയം, രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവരും പദ്ധതിയില്‍ ചേരാന്‍ അര്‍ഹതയുള്ളവരുമായ മുഴുവന്‍ ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് വരിക്കാരാവല്‍ നിര്‍ബന്ധമാണെന്നും ഇതില്‍ നിന്ന് ആര്‍ക്കും മാറി നില്‍ക്കാന്‍ കഴിയില്ലെന്നും മന്ത്രാലയം അറിയിച്ചു. അതുകൊണ്ടു തന്നെ എല്ലാവരും ജൂണ്‍ 30നകം പദ്ധതിയില്‍ വരിക്കാരാവണം. ഇതു കഴിഞ്ഞും പദ്ധതിയില്‍ അംഗമാവാത്ത ജീവനക്കാരില്‍ നിന്ന് 400 റിയാല്‍ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, നിശ്ചിത തീയതിക്കു മുമ്പായി ജീവനക്കാര്‍ ഒരു ഇന്‍ഷൂറന്‍സ് സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെടുകയും അതിനു ശേഷം മൂന്ന് മാസത്തില്‍ കൂടുതല്‍ പ്രീമിയം നല്‍കാതിരിക്കുകയും ചെയ്താല്‍, അവര്‍ക്ക് 200 ദിര്‍ഹം അധിക പിഴ ചുമത്തുമെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അറിയിച്ചു.
തങ്ങളുടെ ജീവനക്കാരെ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനോ അതിന്റെ പ്രീമിയം അടക്കാനോ യുഎഇയിലെ തൊഴിലുടമകള്‍ക്ക് ഉത്തരവാദിത്തമില്ലെങ്കിലും അവര്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ഒരു ആനുകൂല്യം എന്ന നിലയില്‍ അത് ഏറ്റെടുക്കാമെന്നും അധികൃതര്‍ അറിയിച്ചു. ഇതുപ്രകാരം കമ്പനി തന്നെ തങ്ങളുടെ ജീവനക്കാരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് അവര്‍ക്കു വേണ്ടി പ്രീമിയം അടയ്ക്കാം. ഇതിന് ഇന്‍വോളണ്ടിയറി ലോസ് ഓഫ് എംപ്ലോയ്‌മെന്റ് (ILOE) ഇന്‍ഷുറന്‍സ് സ്‌കീം സംവിധാനത്തില്‍ അവരുടെ എസ്റ്റാബ്ലിഷ്മെന്റ് കാര്‍ഡ് ഉപയോഗിച്ച് ജീവനക്കാരെ പദ്ധതിയില്‍ അംഗങ്ങളാക്കാം. അതേസമയം,തൊഴിലാളികളുടെ പേരില്‍ മാത്രമേ കമ്പനികള്‍ക്ക് പ്രീമിയം അടയ്ക്കാന്‍ സാധിക്കുകയുള്ളൂ. കാരണം ഇന്‍ഷൂറന്‍സ് കവറേജിനുള്ള സര്‍ട്ടിഫിക്കറ്റ് ജീവനക്കാരുടെ പേരിലാണ് ഇഷ്യൂ ചെയ്യുകയെന്നും അധികൃതര്‍ വ്യക്തമാക്കി. പുതിയ ഇന്‍ഷൂറന്‍സ് നിയമപ്രകാരം, പദ്ധതിയില്‍ അംഗങ്ങളാകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ജീവനക്കാരെ അറിയിക്കുകയും അവരില്‍ അതേക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുകയെന്നത് അതത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
ജീവനക്കാരെ രണ്ടു വിഭാഗങ്ങളിലായി തരം തിരിച്ചാണ് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. വര്‍ഷത്തില്‍ 16,000 ദിര്‍ഹമോ അതില്‍ താഴെയോ അടിസ്ഥാന ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ പ്രതിമാസം അഞ്ച് ദിര്‍ഹവും വാറ്റുമാണ് പ്രീമിയമായി നല്‍കേണ്ടത്. അതേസമയം, 16,000 ദിര്‍ഹത്തില്‍ കൂടുതല്‍ അടിസ്ഥാന ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ പ്രതിമാസം 10 ദിര്‍ഹവും വാറ്റും നല്‍കേണ്ടതുണ്ട്. മാസത്തിലോ മൂന്നു മാസം കൂടുമ്പോഴോ ആറു മാസത്തില്‍ ഒരുക്കലോ തവണകളായും വര്‍ഷത്തിലൊരിക്കല്‍ ഒറ്റത്തവണയായും പ്രീമിയം അടയ്ക്കാന്‍ സൗകര്യമുണ്ടായിരിക്കും. അതേസമയം, ഇന്‍ഷൂറന്‍സ് പ്രകാരം നഷ്ടപരിഹാരത്തിന് യോഗ്യത നേടണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 12 മാസമെങ്കിലും തുടര്‍ച്ചയായി പ്രീമിയം അടച്ചിരിക്കണം. പദ്ധതിയില്‍ ചേര്‍ന്ന് 12 മാസം തുടര്‍ച്ചയായി പ്രീമിയം അടയ്ക്കുന്നതിന് മുമ്പ് ജോലി നഷ്ടമായാല്‍ അവര്‍ക്ക് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കില്ല. അതേപോലെ, സ്വയം ജോലി രാജിവയ്ക്കുന്നവര്‍ക്കും അച്ചടക്ക നടപടി മൂലം ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുന്നവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കില്ല.
അതേസമയം, സ്വമേധയാ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് 60 ശതമാനം നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ വാങ്ങുന്ന ശമ്പളത്തില്‍ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം കണക്കാക്കിയാണ് നഷ്ടപരിഹാരം നല്‍കുക. അതോടൊപ്പം ലഭിക്കുന്ന മറ്റ് അലവന്‍സുകള്‍ നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ പരിഗണിക്കില്ല. 2023 ജനുവരി ഒന്നു മുതല്‍ സ്വകാര്യ, ഫെഡറല്‍ ഗവണ്‍മെന്റ് മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികളും പ്രവാസികളുമായ എല്ലാ ജീവനക്കാരും തൊഴില്‍ നഷ്ട ഇന്‍ഷൂറന്‍സ് പദ്ധതിക്കായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെങ്കിലും ചില വിഭാഗത്തെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിക്ഷേപകര്‍, വീട്ടുജോലിക്കാര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, 18 വയസ്സിന് താഴെയുള്ളവര്‍, പെന്‍ഷന് അര്‍ഹതയുള്ളവരും പുതിയ ജോലിയില്‍ ചേര്‍ന്നവരുമായ വിരമിച്ചവര്‍ എന്നിവരെയാണ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഒന്നോ രണ്ടോ വര്‍ഷത്തേക്കുള്ള പോളിസി കാലയളവ് ലഭ്യമാണ്. ദുബായ് ഇന്‍ഷൂറന്‍സില്‍ നിന്നുള്ള സബ്സ്‌ക്രിപ്ഷന്‍ സൗജന്യമാണ്. എന്നാല്‍ എക്സ്ചേഞ്ച് ഹൗസുകള്‍, ടെലികോം സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയ മറ്റ് ചാനലുകള്‍ വഴി ഫീസ് നല്‍കേണ്ടിവരും.