റിയാദ്: കനത്ത മഴയെ തുടർന്ന് മദീനയിലുണ്ടായ വെള്ളക്കെട്ടിൽപ്പെട്ട വാഹനത്തിനുള്ളിൽ കുടുങ്ങിയ നാലുപേരെ സഊദി സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. മൂന്ന് പേരെ വാദി ബൈദാഅ്ൽ നിന്നും ഒരാളെ ഖൈബർ താഴ്വരയിൽ നിന്നുമാണ് രക്ഷപ്പെടുത്തിയത്. മേഖലയുടെ മിക്ക ഭാഗങ്ങളിലും രണ്ട് ദിവസമായി സമാന്യം നല്ല മഴയാണുണ്ടായത്.
പ്രദേശത്ത് കാലാവസ്ഥ വകുപ്പ് തുടർച്ചയായി മുന്നറിയിപ്പ് നൽകിയിരുന്നു. ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുതൽ നടപടികൾ എടുത്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ സിവിൽ ഡിഫൻസ് നിരീക്ഷിക്കുന്നുണ്ട്. സഊദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയിൽ മഴ തുടരുകയാണ്. മക്ക, ജിദ്ദ, തബൂക്ക് തുടങ്ങിയ മേഖലയിൽ ബുധനാഴ്ചയും മഴയുണ്ടായി. മേഖലയിലെ ആകാശം മൂടിക്കെട്ടിയ നിലയിൽ തുടരുകയാണ്. വ്യാഴാഴ്ച രാവിലെ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. ഇതേ തുടർന്ന് വ്യാഴാഴ്ചയും മക്ക, ജിദ്ദ, ജമൂം, കാമിൽ, റാബിഖ്, ഖുലൈസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്
അതേസമയം സഊദി അറേബ്യയുടെ വടക്കൻ മേഖലയിൽ ശക്തമായ മഞ്ഞുവീഴ്ച തുടരുന്നു. തബൂക്കിലെ അൽലൗസ് മലനിരകളിൽ വീണ്ടും മഞ്ഞ് വീഴ്ചയുണ്ടായി. ചൊവ്വാഴ്ച രാത്രി മുതൽ തുടങ്ങിയ മഞ്ഞുവീഴ്ച ബുധനാഴ്ച രാവിലെ വരെ തുടർന്നു. മലനിരകളാകെ വെള്ളപുതച്ച നിലയിലാണ്. പ്രദേശത്ത് തണുപ്പും ശക്തമായിട്ടുണ്ട്.
ഒരാഴ്ച മുമ്പ് സമാനമായ നിലയിൽ അൽലൗസ് മലനിരകളിൽ ശക്തമായ മഞ്ഞ് വീഴ്ചയുണ്ടായിരുന്നു. തബൂക്കിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി ആളുകൾ മലനിരകൾ മഞ്ഞ് പുതച്ചത് കാണാനെത്തുന്നുണ്ട്. സഞ്ചാരികളുടെ ഒഴുക്ക് കാരണം ഇതൊരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക