റിയാദ് – സൗദിയിൽ സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ ഹായിൽ, അൽബാഹ പ്രവിശ്യകളിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇരു പ്രവിശ്യകളിലും തൊഴിലില്ലായ്മ നിരക്ക് 14.6 ശതമാനമാണ്. രണ്ടാം സ്ഥാനത്തുള്ള മദീനയിൽ 14.4 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ജിസാനിൽ 14.3 ശതമാനവും നാലാം സ്ഥാനത്തുള്ള ഉത്തര അതിർത്തി പ്രവിശ്യയിൽ 12.3 ശതമാനവും അസീർ, അൽജൗഫ് പ്രവിശ്യകളിൽ 11.9 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്കുകൾ എന്ന് കഴിഞ്ഞ വർഷം മൂന്നാം പാദത്തിലെ തൊഴിലില്ലായ്മ നിരക്കുകളുമായി ബന്ധപ്പെട്ട് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
സ്വദേശി വനിതകൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ മദീനയിലാണ്. ഇവിടെ വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 30.2 ശതമാനമാണ്. രണ്ടാം സ്ഥാനത്തുള്ള ഹായിലിൽ 29.7 ഉം മൂന്നാം സ്ഥാനത്തുള്ള ജിസാനിൽ 26.3 ഉം നാലാം സ്ഥാനത്തുള്ള അൽജൗഫിൽ 26 ഉം അഞ്ചാം സ്ഥാനത്തുള്ള അൽബാഹയിൽ 25.8 ഉം ശതമാനമാണ് തൊഴിലില്ലായ്മ നിരക്കുകൾ. സ്വദേശി പുരുഷന്മാർക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ ജിസാനിലാണ്, 7.9 ശതമാനം. രണ്ടാം സ്ഥാനത്തുള്ള അൽബാഹയിൽ 7.2 ഉം മൂന്നാം സ്ഥാനത്തുള്ള മദീനയിൽ 5.8 ഉം നാലാം സ്ഥാനത്തുള്ള ഉത്തര അതിർത്തി പ്രവിശ്യയിൽ 5.6 ഉം അഞ്ചാം സ്ഥാനത്തുള്ള ഹായിലിൽ 5.3 ഉം ശതമാനമാണ് പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്കുകൾ.
കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറഞ്ഞിരുന്നെങ്കിലും മൂന്നാം പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 9.9 ശതമാനമായി ഉയർന്നു. സർക്കാർ മേഖലയിൽ അടക്കം രാജ്യത്തെ ആകെ തൊഴിൽ ശേഷിയിൽ സ്വദേശികളുടെ പങ്കാളിത്തം മൂന്നാം പാദത്തിൽ 52.4 ശതമാനമായി ഉയർന്നു. സൗദി ജനസംഖ്യയിൽ ജോലി ചെയ്യുന്നവരുടെ അനുപാതം 47.3 ശതമാനമായും മൂന്നാം പാദത്തിൽ ഉയർന്നു. ആകെ ജനസംഖ്യയിൽ ജോലിക്കാരുടെ അനുപാതം മൂന്നാം പാദത്തിൽ അര ശതമാനം തോതിലാണ് ഉയർന്നത്. മൊത്തം ജനസംഖ്യയിൽ തൊഴിലില്ലായ്മ നിരക്ക് മൂന്നാം പാദത്തിൽ 5.8 ശതമാനമായി മാറ്റമില്ലാതെ തുടർന്നു. മൂന്നാം പാദത്തിൽ സ്വദേശി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 20.5 ശതമാനമായി ഉയർന്നു. രണ്ടാം പാദത്തിൽ ഇത് 19.3 ശതമാനമായിരുന്നു. സ്വദേശി പുരുഷ ജീവനക്കാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനത്തിൽ നിന്ന് 4.3 ശതമാനമായി മൂന്നാം പാദത്തിൽ കുറഞ്ഞു