റിയാദ്- സൗദി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം മാറ്റാന്‍ ആലോചന. സ്‌കൂളുകളുടെയും യുണിവേഴ്‌സിറ്റികളുടെയും സമയക്രമത്തില്‍ മാറ്റം വരുത്താനും ചില സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വിദൂര ജോലി സംവിധാനം നടപ്പാക്കാനും പൊതുസുരക്ഷ വിഭാഗം ആലോചിക്കുന്നുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
റിയാദിലെ ഗതാഗതക്കുരുക്കും പരിഹാരങ്ങളും എന്ന പേരില്‍ പൊതുസുരക്ഷ വകുപ്പിന് കീഴില്‍ വര്‍ക്ക്‌ഷോപ്പ് നടന്നുവരികയാണ്. പ്രശ്‌ന പരിഹാരത്തിന് വിവിധ നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് മുന്നില്‍ വെക്കുന്നുണ്ട്. വാഹനങ്ങളുടെ നീക്കം ക്രമപ്പെടുത്താനും റോഡ് സുരക്ഷ നടപ്പാക്കാനുമായി വിവിധ നിര്‍ദേശങ്ങളാണ് വര്‍ക്ക്‌ഷോപ്പില്‍ ഉയര്‍ന്നുവരുന്നത്.
റിംഗ് റോഡുകള്‍ക്കും അതിവേഗപാതകള്‍ക്കും പ്രത്യേക വ്യവസ്ഥകള്‍ നടപ്പാക്കുക, സിഗ്‌നലുകള്‍ സ്ഥാപിക്കുക, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ കമ്പനികളും സ്ഥാപനങ്ങളും വിദൂര ജോലിയെന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, സ്‌കൂള്‍, യുണിവേഴ്‌സിറ്റി സമയക്രമം മാറ്റുകയെന്നതാണ് വര്‍ക്ക് ഷോപ്പിലെ പ്രധാന നിര്‍ദേശങ്ങള്‍.