തിരുവനന്തപുരം: മലയാളി പ്രവാസികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശരാജ്യത്ത് മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം നല്‍കുന്ന പദ്ധതിയുമായി നോർക്കയുടെ പ്രവാസി നിയമസഹായ പദ്ധതി. കുവൈറ്റ്, യു.എ.ഇ, സഊദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളിലാണ് നിലവില്‍ പദ്ധതി നടപ്പാക്കുന്നത്. 10 നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ (NLC) ഈ രാജ്യങ്ങളിൽ നിയമിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍ എന്നിവ മൂലവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ നിയമക്കുരുക്കിലോ വിദേശ ജയിലുകളിലോ അകപ്പെടുന്ന നിരപരാധികളായ പ്രവാസി മലയാളികള്‍ക്ക് ഇതുവഴി സൗജന്യ നിയമസഹായം ലഭിക്കും.
നിയമസഹായം ലഭിക്കാതെ നിസാര കേസുകളില്‍ അകപ്പെട്ട് പ്രവാസി മലയാളികള്‍ ജയിലുകളില്‍ കഴിയുന്ന സാഹചര്യം ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് പ്രവാസി നിയസഹായ സെല്‍ രൂപീകരിക്കാന്‍ സർക്കാർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കേസുകളിൻമേല്‍ നിയമോപദേശം, നഷ്ടപരിഹാരം/ ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, നിയമ ബോധവത്ക്കരണ പരിപാടികള്‍ മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജ്ജമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടുന്ന മലയാളികള്‍ക്ക് നിയമസഹായത്തിനായുള്ള സഹായം നൽകുക തുടങ്ങിയവയെല്ലാം പ്രവാസി നിയമസഹായസെല്‍ വഴി ലഭ്യമാണ്.
തന്റെതല്ലാത്ത കാരണങ്ങളാല്‍ വിദേശരാജ്യത്ത് നിയമ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസി മലയാളികള്‍ക്കാണ് പദ്ധതി വഴി സേവനം ലഭിക്കുക. വിദേശത്ത് തൊഴില്‍/വിസിറ്റ് വിസയില്‍ പോയിട്ടുളള കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും വിദേശത്ത് കഴിഞ്ഞിട്ടുളളവര്‍ക്കുമാണ് നിയമസഹായത്തിനായി അപേക്ഷിക്കാന്‍ കഴിയുക. വിദേശ രാജ്യങ്ങളിലെ കോടതികള്‍ വിധിക്കുന്ന ‘ ദിയ മണി’,കണ്ടുകെട്ടല്‍, സാമ്പത്തിക ബാദ്ധ്യതകള്‍, റിക്കവറി തുടങ്ങിയവയ്ക്ക് ഈ സഹായം ലഭ്യമായിരിക്കുകയില്ല.
പ്രവാസി നിയമ സഹായസെല്ലിലേയ്ക്ക് ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ സഹിതം നിര്‍ദ്ദിഷ്ട അപേക്ഷ ഫാറത്തില്‍ നോര്‍ക്ക റൂട്ട്‌സിന് പോസ്റ്റല്‍ മാര്‍ഗ്ഗം മുഖേനയോ ഇ-മെയില്‍ വിലാസം മുഖേനയോ അയക്കേണ്ടതാണ്. കൂടാതെ അറബി ഭാഷയിലുള്ള രേഖകളുടെ തര്‍ജ്ജമകളും സമര്‍പ്പിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ്, മൂന്നാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം-695 014 എന്ന മേല്‍ വിലാസത്തിലോ, ceo.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പര്‍ 18004253939 ( ഇന്ത്യയ്ക്കകത്തുനിന്നും ) (+91-8802012345 (വിദേശത്തുനിന്നും മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്