സകാക്ക – ഉത്തര സൗദിയിൽ മാസ്മരിക കാഴ്ചകൾ സമ്മാനിക്കുന്ന മരുഭൂ തടാകം സാഹസിക പ്രേമികളെ മാടിവിളിക്കുന്നു.
അൽജൗഫ് പ്രവിശ്യയിൽ മരുഭൂമിയിലെ സുവർണ മണൽകൂനകൾക്കിടയിലാണ് ദോമത്തുൽജന്ദൽ തടാകം സ്ഥിതി ചെയ്യുന്നത്. മരുഭൂ തടാകത്തിന്റെ ഭംഗി ഒന്നിലധികം തവണ അവിടം സന്ദർശിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുമെന്നും താൻ എല്ലാ വർഷവും തടാകം സന്ദർശിക്കാറുണ്ടെന്നും തടാകത്തിന്റെ മനോഹര കാഴ്ചകൾ പകർത്തിയ കുവൈത്തി സാഹസിക പ്രേമി ഫഹദ് മുഹമ്മദ് ഫഹദ് ബിൻ ഹുസൈൻ പറഞ്ഞു.
അറേബ്യൻ ഉപദ്വീപിലെ ഇത്തരത്തിലുള്ള ഒരേയൊരു തടാകമാണ് ദോമത്തുൽജന്ദൽ തടാകം. പ്രദേശത്തെ കൃഷിയിടങ്ങളിൽനിന്ന് വെള്ളം ഒഴുകിയെത്തിയാണ് തടാകം രൂപപ്പെട്ടത്. ഉയർന്ന കുന്നുകളുടെ താഴ്ഭാഗത്ത് രൂപപ്പെട്ട തടാകത്തിന് ഒരു ദശലക്ഷം ചതുരശ്രമീറ്റർ വിസ്തീർണമുണ്ട്. ഇതിന്റെ അളവുകൾ ക്രമരഹിതമാണ്. വലിപ്പവും ഭംഗിയും തടാകത്തിന്റെ സവിശേഷതയാണ്.
വർഷം മുഴുവൻ അതിലെ വെള്ളം വറ്റില്ല. അറേബ്യൻ ഉപദ്വീപിൽ ഇത്രയും വലിയ തടാകമുള്ളത് ഫഹദ് മുഹമ്മദ് ഫഹദ് ബിൻ ഹുസൈനെയും സുഹൃത്തുക്കളെയും അത്ഭുതപ്പെടുത്തി. ധാരാളം ആളുകൾക്ക് ഈ തടാകത്തെ കുറിച്ച് അറിയില്ല. ശീതകാലാവസ്ഥ ആസ്വദിക്കാനും തടാകത്തിനു മുന്നിൽ ഇരിക്കാനും ആഗ്രഹിക്കുന്നവർക്ക് ദോമത്തുൽജന്ദൽ തടാകം സന്ദർശിക്കാൻ ഏറ്റവും നല്ലത് ശൈത്യകാലമാണെന്ന് ഫഹദ് മുഹമ്മദ് ഫഹദ് ബിൻ ഹുസൈൻ പറയുന്നു.
മാരിദ് കോട്ട, ഉമർ മസ്ജിദ്, ദോമത്തുൽജന്ദൽ മതിൽ എന്നിവ അടക്കം വിവിധ കാലഘട്ടങ്ങളിലെ പുരാവസ്തുക്കൾ അടങ്ങിയ ഏറ്റവും വലിയ പുരാവസ്തു കേന്ദ്രങ്ങളിൽ ഒന്നാണ് ദോമത്തുൽജന്ദൽ.
ഏറ്റവും പുരാതനമായ മനുഷ്യവാസ കേന്ദ്രങ്ങളും ഇവിടെയുണ്ട്. നാഗരികതയുടെ ആഴത്തിൽ വേരുറപ്പിച്ച ഈത്തപ്പനകൾ, ഒലീവ് മരങ്ങൾ, മൺമതിലുകൾ, ഭൂതകാല പ്രൗഢി വിളിച്ചോതുന്ന കൃഷിയിടങ്ങൾ, മരങ്ങളുടെ പച്ചപ്പ്, മനോഹരമായ അന്തരീക്ഷം എന്നിവയെല്ലാം ദോമത്തുൽജന്ദലിനെ സവിശേഷമാക്കുന്നു