റിയാദ്: സഊദിയിൽ ഡീസൽ വിലയിൽ വർധനവ് വരുത്തി. ഡീസലിന്റെ ആഭ്യന്തര വിലയിൽ 19 ശതമാനമാണ് വർദ്ധനവ് പ്രഖ്യാപിച്ചത്. ഇതോടെ, രാജ്യത്ത് ഡീസൽ വില 0.75 റിയാലായി ഉയർന്നു. നേരത്തെയിത് 0.63 റിയാൽ ആയിരുന്നു. അതേസമയം, പെട്രോൾ വിലയിലും ഗ്യാസ് വിലയിലും മാറ്റം വരുത്തിയിട്ടില്ല.
അരാംകോ, മറ്റെല്ലാ തരം ഇന്ധനങ്ങളുടെയും വില 91 പെട്രോൾ ലിറ്ററിന് 2.18 റിയാൽ, 95 ഗ്യാസോലിൻ ലിറ്ററിന് 2.33 റിയാൽ, മണ്ണെണ്ണയ്ക്ക് 0.81 റിയാൽ, ദ്രവീകൃത പെട്രോളിയം ഗ്യാസിന് 0.9 റിയാൽ എന്നിങ്ങനെ മാറ്റമില്ലാതെ നിലനിർത്തി.
സഊദി അറേബ്യയിലെ ഊർജ, ജല ഉൽപന്നങ്ങളുടെ വില ക്രമീകരണത്തിന്റെ ഭരണനിർവഹണ സമിതി, 2021 ജൂലൈയിൽ 91-ഒക്ടെയ്ൻ ഗ്യാസോലിൻ 2.18-നും 95-ഗ്യാസോലിൻ 2.33-നും പെട്രോൾ വിലയുടെ പരിധി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
ആഗോളതലത്തിൽ ഉണ്ടായ വില. വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇപ്പോൾ എണ്ണ വിലയിൽ മാറ്റം വരുത്തുന്നത്. എന്നാൽ, പെട്രോൾ വിലയിൽ വരുന്ന വ്യത്യാസം ഏറ്റെടുക്കാൻ മന്ത്രി സഭ നേരത്തെ തീരുമാനിച്ചിരുന്നു. അതിനാൽ പട്രോൾ വിലയിൽ തത്കാലം വർധനവ് വരുത്തിയിട്ടില്ല.
ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നതിനും ആഗോള എണ്ണ വില സ്ഥിരത നിലനിർത്തുന്നതിനുമുള്ള ഒപെക്കിന്റെ നയങ്ങളുടെ ഭാഗമായി ആഗോള വിലയിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. 2008 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയായി ബാരലിന് 134.9 ഡോളർ രേഖപ്പെടുത്തിയിരുന്നു.
എന്നാൽ ദുർബലമായ ആഗോള ആവശ്യകതയും യുഎസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടക്കുമെന്ന ഭയവും ചൈനയുടെ അടച്ചുപൂട്ടലിന്റെ തുടർച്ചയും കാരണം ആഗോള എണ്ണവില പിന്നീട് കുറയുകയായിരുന്നു