ജിദ്ദ: ജിദ്ദയിൽ ഇന്നലെ കനത്ത മഴയെ തുടർന്ന് ഫോണിൽ സിവിൽ ഡിഫൻസിന്റെ വലിയ ശബ്ദത്തോട് കൂടിയുള്ള അടിയന്തര മുന്നറിയിപ്പ് മെസ്സേജ് വന്നത് പലരെയും അമ്പരപ്പിച്ചു.
സാധാരണ നിലയിൽ എസ് എം എസ് ആയി സന്ദേശം അയക്കുന്നതിന് പകരം, ഇന്നലെ വയർലെസ്സ് എമെർജൻസി അലർട്ട് സംവിധാനം ഉപയോഗിച്ചാണ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയത്.
ശക്തമായ ഇടി മിന്നലോട് കൂടി മഴ പെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഫോണിൽ വലിയ ശബ്ദത്തിൽ സൈറണോടെയുള്ള മുന്നറിയിപ്പ് മെസ്സേജ് വന്നത്. ഇത് പലരെയും പരിഭ്രാന്തരാക്കി.
ഫോണിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ച പൗരന്മാരോടും താമസക്കാരോടും പരിഭ്രാന്തരാകരുതെന്നും, സിവിൽ ഡിഫൻസ് നിർദ്ദേശങ്ങൾ പാലിക്കണമെന്നും, സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും, സ്ഥിതിഗതികൾ പൂർവ്വസ്ഥിതിയിൽ ആകുന്നത് വരെ പുറത്തിറങ്ങരുതെന്നും എമിറേറ്റ് ഓഫ് മക്ക മേഖല നിർദേശിച്ചു.
അനിവാര്യ ഘട്ടങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കാൻ, വയർലെസ്സ് എമെർജൻസി അലേർട്ട് സംവിധാനം ഉപയോഗിക്കുമെന്ന് സിവിൽ ഡിഫൻസ് നേരത്തെ തന്നെ അറിയിച്ചിരുന്നു