റിയാദ്- മരങ്ങൾ നട്ടുപിടിച്ച് റിയാദ് നഗരത്തെ പച്ചയണിയിക്കാനുള്ള ഗ്രീൻ റിയാദ് പദ്ധതിക്ക് അസീസിയയിൽ നാളെ തുടക്കമാകും. റിയാദ് ഏരിയയിലെ 120 ജനവാസ മേഖലകളിലാണ് മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ജനുവരി ഏഴിന് മുമ്പ് അസീസിയയിലെ മരം നടീൽ പദ്ധതി പൂർത്തിയാക്കും. റിയാദിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ച നാലു മെഗാ പദ്ധതികളിലൊന്നാണിത്.
പ്രാദേശിക പരിസ്ഥിതി സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജനവാസ കേന്ദ്രങ്ങളിൽ പാർക്കുകൾ നിർമിക്കുക, തെരുവുകളിലും നടപ്പാതകളിലും കാർ പാർക്കിംഗുകളിലും മരങ്ങൾ നട്ടുപിടിപ്പിക്കുക.
സ്‌കൂളുകൾ, പള്ളികൾ എന്നിവക്ക് ചുറ്റും മരങ്ങൾ നടുക എന്നിവയാണ് പദ്ധതിയിലുള്ളത്. അസീസിയയിൽ 54 പാർക്കുകൾ, 61 സ്‌കൂളുകൾ, 121 പള്ളികൾ, 78 കാർ പാർക്കിംഗ് എന്നിവക്ക് പുറമെ 176 കിലോമീറ്റർ റോഡിലുമായി 6,23,000 മരങ്ങൾ നടും. പ്രദേശവാസികൾക്ക് മരം നടലുമായി ബന്ധപ്പെട്ട് അവബോധം നൽകലും പദ്ധതിയുടെ ഭാഗമാണ്.അസീസിയയിലെ പദ്ധതി പൂർത്തിയാകുന്നതോടെ നസീം, അൽജസീറ, അൽഅറൈജ, ഖുർതുബ, അൽഗദീർ, അൽനഖീൽ എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കും.
റിയാദിൽ മൊത്തം 75 ലക്ഷം മരങ്ങൾ നടാനാണ് പദ്ധതി. പ്രതിദിനം ഒരു ലക്ഷം ക്യുബിക് മീറ്റർ 100 ശതമാനം ശുദ്ധീകരിച്ച വെള്ളമാണ് ഇവ നനക്കാൻ ഉപയോഗിക്കുക. സൗദിയൊട്ടുക്കും 10 ബില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കുകയെന്ന ഗ്രീൻ സൗദി പദ്ധതിയുടെയും വിഷൻ 2030 ന്റെയും ഭാഗമാണ് ഗ്രീൻ റിയാദ് പദ്ധതി