റിയാദ്- സൗദി അറേബ്യയിലേക്ക് പുതിയ തൊഴില്‍ വിസയില്‍ വരുന്ന പ്രൊഫഷനലുകള്‍ക്ക് ഇന്ത്യയില്‍ വെച്ച് തന്നെ പ്രൊഫഷന്‍ ടെസ്റ്റ് നടത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഈ മാസാവസാനം മുതല്‍ ന്യൂഡല്‍ഹിയിലും മുംബൈയിലുമുള്ള കേന്ദ്രങ്ങളിലാണ് പരീക്ഷയെഴുതേണ്ടത്.
പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ഓട്ടോ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് എന്നീ അഞ്ച്് വിദഗ്ധ തൊഴില്‍ മേഖലയിലാണ് പരീക്ഷകള്‍ നടക്കുക. പരീക്ഷാര്‍ഥികള്‍ മുംബൈയിലോ ന്യൂഡല്‍ഹിയിലോ നേരിട്ടെത്തേണ്ടിവരും. ഭാവിയില്‍ 23 മേഖലയില്‍ പരീക്ഷ നടത്താനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. അഥവാ സൗദി അറേബ്യയില്‍ പരീക്ഷ നടത്തുന്ന എല്ലാ പ്രൊഫഷനുകളിലും ഇന്ത്യയില്‍ വെച്ച് തന്നെ പരീക്ഷ നടത്തും. അവര്‍ക്ക് സൗദിയില്‍ എത്തിയാല്‍ പരീക്ഷയുണ്ടാവില്ല. അടുത്തിടെയാണ് ന്യൂഡല്‍ഹി സൗദി എംബസിയില്‍ ലാബര്‍ അറ്റാഷെയുടെ ഓഫീസ് തുറന്നത്.
സൗദി അറേബ്യയിലെ തൊഴില്‍ വിപണിയുടെ ഗുണനിലവാരം ഉയര്‍ത്താനും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും യോഗ്യതയില്ലാത്തവരുടെ ഒഴുക്ക് തടയാനുമാണിതെന്ന് മാനവശേഷി വികസന മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം മുതല്‍ പാകിസ്താനിലും സൗദിയിലേക്കുള്ള പ്രൊഫഷന്‍ ടെസ്റ്റ് തുടങ്ങിയിരുന്നു