പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ. യുഎയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് പുതിയ നിര്‍ദേശം. യാത്രക്കാർ കൊവിഡ് വാക്സീന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും, യാത്രാസമയത്ത് മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹ്യ അകലവും പാലിക്കണം. കൂടാതെ നാട്ടിലെത്തിയ ശേഷം കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
നിവലിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാരിൽ നിന്ന് 2 ശതമാനം പേർക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ വെച്ച് നടത്തുന്ന റാൻഡം പരിശോധന മാത്രമേ നിർബന്ധമാക്കിയിട്ടുള്ളൂ. അതിൽ തന്നെ പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പരിശോധന ഉണ്ടാകില്ല.
എന്നാൽ ആർടിപിസിആർ പരിശോധന, എയർസുവിധ രജിസ്ട്രേഷൻ തുടങ്ങിയ നിർദേശങ്ങളൊന്നും എയർ ഇന്ത്യ നൽകിയിട്ടില്ല എന്നത് ആശ്വാസകരമാണ്. വാക്സിനെടുക്കുണമന്നും, മാസ്ക് ധരിക്കണമെന്നും യാത്രയിൽ സാമൂഹിക അകലം പാലിക്കണമെന്നും മാത്രമാണ് യാത്ര സമയത്ത് പാലിക്കുവാൻ നിർദേശിച്ചിട്ടുള്ളത്.
എന്നാൽ യാത്രയിൽ സാമൂഹിക അകലം പാലിക്കാൻ വിമാന കമ്പനി തന്നെയാണ് സൌകര്യമൊരുക്കേണ്ടത്. യാത്രക്കാർക്കിടയിൽ സീറ്റുകൾ ഒഴിച്ചിട്ടുകൊണ്ടായിരിക്കുമോ എയർ ഇന്ത്യ ബോഡിംഗ് അനുവദിക്കുക എന്നത് വ്യക്തമല്ല.
അതേ സമയം മറ്റു രാജ്യങ്ങളിലുള്ള യാത്രക്കാർക്ക് ഇത് വരെ യാതൊരുവിധ നിർദേശങ്ങളും നൽകിയിട്ടില്ല. വരും ദിവസങ്ങളിൽ നിർദേശങ്ങൾ നൽകാനിടയുണ്ടെന്ന് ട്രാവൽ ഏജൻസികൾ അഭിപ്രായപ്പെട്ടു.
ചൈനയുൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ കോവിഡിന്റെ ഒമിക്രോൺ വകഭേതമായ ബിഎഫ് 7 വ്യാപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം. ഇന്ത്യയിൽ നാല് പേരിൽ പുതിയ വകഭേതം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അവരെല്ലാം സുഖംപ്രാപിച്ചിട്ടുണ്ട്. എങ്കിലും കർശനമായ സുരക്ഷ നടപടികൾ ഇന്ത്യയിലും ആരംഭിച്ചിട്ടുണ്ട്.
യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെവിടെയും ഇത് വരെ പുതിയ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളില്ല. അതിനാൽ തന്നെ വിമാനയാത്രക്കാർക്ക് കൂടുതൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്