റിയാദ്: ഒക്‌ടോബറിൽ 78 വ്യവസായ പദ്ധതികൾക്ക് പുതുതായി ലൈസൻസുകൾ അനുവദിച്ചതായി വ്യവസായ, ധാതുവിഭവ മന്ത്രാലയം അറിയിച്ചു. ആകെ 63.5 കോടി റിയാൽ നിക്ഷേപങ്ങളോടെ ആരംഭിക്കുന്ന ഈ പദ്ധതികളിൽ 1,983 പേർക്ക് തൊഴിലുകൾ ലഭിക്കും. കഴിഞ്ഞ മാസം ഭക്ഷ്യവസ്തു മേഖലയിൽ ആണ് ഏറ്റവും കൂടുതൽ വ്യവസായ പദ്ധതികൾക്ക് ലൈസൻസുകൾ അനുവദിച്ചത്.
ഈ ഗണത്തിലെ 20 പദ്ധതികൾക്ക് ലൈസൻസുകൾ അനുവദിച്ചു. ലോഹ ഉൽപന്ന നിർമാണ മേഖലയിൽ 14 ഉം പ്ലാസ്റ്റിക്, റബർ ഉൽപന്ന മേഖലയിൽ ഒമ്പതും നോൺ-മെറ്റാലിക് മിനറൽസ് മേഖലയിൽ എട്ടും കെമിക്കൽ മേഖലയിൽ ഏഴും വ്യവസായ പദ്ധതികൾക്കും കഴിഞ്ഞ മാസം ലൈസൻസുകൾ അനുവദിച്ചു.
ഏറ്റവും കൂടുതൽ പുതിയ വ്യവസായശാലകൾക്ക് ലൈസൻസുകൾ അനുവദിച്ചത് റിയാദിലാണ്. ഇവിടെ 32 പദ്ധതികൾക്ക് ലൈസൻസുകൾ അനുവദിച്ചു. കിഴക്കൻ പ്രവിശ്യയിൽ 17 ഉം മക്ക പ്രവിശ്യയിൽ 15 ഉം മദീനയിൽ അഞ്ചും അൽഖസീമിൽ മൂന്നും ഹായിലിൽ മൂന്നും ജിസാനിൽ രണ്ടും അൽബാഹയിൽ ഒന്നും വ്യവസായ പദ്ധതികൾക്കും കഴിഞ്ഞ മാസം ലൈസൻസുകൾ അനുവദിച്ചു. പുതിയ പദ്ധതികളിൽ 92.31 ശതമാനം ചെറുകിട പദ്ധതികളും 7.69 ശതമാനം ഇടത്തരം പദ്ധതികളും 70.51 ശതമാനം സൗദി നിക്ഷേപങ്ങളോടെയുള്ളവയും 17.95 ശതമാനം വിദേശ നിക്ഷേപങ്ങളോടെയുള്ളവയും 11.54 ശതമാനം സംയുക്ത നിക്ഷേപങ്ങളോടെ ഉള്ളവയുമാണ്.
ആകെ 84.8 കോടി റിയാൽ നിക്ഷേപങ്ങളോടെ സ്ഥാപിച്ച 60 വ്യവസായശാലകളിൽ കഴിഞ്ഞ മാസം ഉൽപാദനം ആരംഭിച്ചു. ഇവയിൽ 2,349 പേർക്ക് തൊഴിലുകൾ ലഭിച്ചു.
കിഴക്കൻ പ്രവിശ്യയിൽ 18 ഉം മക്ക പ്രവിശ്യയിൽ 15 ഉം റിയാദിൽ 11 ഉം ജിസാനിൽ എട്ടും അൽഖസീമിൽ നാലും അസീറിൽ മൂന്നും ഫാക്ടറികളിലും തബൂക്ക്, മദീന, അൽജൗഫ് എന്നിവിടങ്ങളിൽ ഓരോ വ്യവസായശാലകളിലും കഴിഞ്ഞ മാസം ഉൽപാദനം ആരംഭിച്ചു. ഇതിൽ 75 ശതമാനം ചെറുകിട സ്ഥാപനങ്ങളും 23.33 ശതമാനം ഇടത്തരം സ്ഥാപനങ്ങളും 1.67 ശതമാനം വൻകിട സ്ഥാപനങ്ങളും 76.67 ശതമാനം സൗദി നിക്ഷേപങ്ങളോടെയുള്ളവയും 13.33 ശതമാനം സംയുക്ത നിക്ഷേപങ്ങളോടെയുള്ളവയും 10 ശതമാനം വിദേശ നിക്ഷേപങ്ങളോടെയുള്ളവയുമാണ്.
ഈ വർഷം ആദ്യത്തെ പത്തു മാസക്കാലത്ത് വ്യവസായ മേഖലയിൽ 803 പുതിയ ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്. ഇവയിലെ ആകെ നിക്ഷേപങ്ങൾ 21.9 ബില്യൺ റിയാലാണ്. ഇക്കാലയളവിൽ 939 ഫാക്ടറികളിൽ ഉൽപാദനം ആരംഭിച്ചു. ആകെ 26.7 ബില്യൺ റിയാൽ നിക്ഷേപങ്ങളോടെയാണ് ഇവ സ്ഥാപിച്ചത്.
ഈ വർഷം ഇതുവരെ ഖനന മേഖലയിൽ 566 ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ മാസാവസാനത്തെ കണക്കുകൾ പ്രകാരം ഖനന മേഖലയിൽ കാലാവധിയുള്ള 2,164 ലൈസൻസുകളുണ്ട്. ഒക്‌ടോബർ അവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 10,788 ഫാക്ടറികളുണ്ട്. ഇവയിൽ ആകെ 10,48,188 പേർ ജോലി ചെയ്യുന്നു. വ്യവസായ മേഖലയിലെ ആകെ നിക്ഷേപം 1.374 ട്രില്യൺ റിയാലായി ഉയർന്നതായും വ്യവസായ, ധാതുവിഭവ മന്ത്രാലയം അറിയിച്ചു.