റിയാദ്: ആഗോള സാമ്പത്തിക മാന്ദ്യത്തിനും ഉയർന്ന പണപ്പെരുപ്പത്തിനുമിടെയും സൗദിയിൽ പെട്രോളിതര കയറ്റുമതിയിൽ തുടർച്ചയായ വളർച്ച. ജനുവരി മുതൽ ഒക്‌ടോബർ അവസാനം വരെ 269.3 ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങൾ സൗദി അറേബ്യ വിദേശങ്ങളിലേക്ക് കയറ്റി അയച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 23 ശതമാനം വളർച്ച രേഖപ്പെടുത്തി.
പത്തു മാസത്തിനിടെ പ്രതിമാസം ശരാശരി 26.9 ബില്യൺ റിയാലിന്റെ വീതം പെട്രോളിതര ഉൽപന്നങ്ങൾ സൗദി അറേബ്യ കയറ്റി അയച്ചു.
ഒക്‌ടോബറിൽ 24.9 ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങളാണ് കയറ്റി അയച്ചത്.
കഴിഞ്ഞ വർഷം ഒക്‌ടോബറിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഒക്‌ടോബറിൽ പെട്രോളിതര കയറ്റുമതിയിൽ 4.4 ശതമാനം വളർച്ച രേഖപ്പെടുത്തി. മൊത്തം പെട്രോളിതര ആഭ്യന്തരോൽപാദനത്തിൽ പെട്രോളിതര കയറ്റുമതി 16 ശതമാനത്തിൽനിന്ന് 50 ശതമാനമായി ഉയർത്തി സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് സൗദി ശ്രമിക്കുന്നു. പെട്രോളിതര കയറ്റുമതിയുടെ 80 ശതമാനത്തോളവും രാസവസ്തുക്കളും പ്ലാസ്റ്റിക്കും റബറും ധാതുക്കളുമാണ്.
ഈ വർഷം ആദ്യത്തെ പത്തു മാസം പെട്രോളിതര കയറ്റുമതിയുടെ 36.2 ശതമാനം കെമിക്കൽ ഉൽപന്നങ്ങളും 29.3 ശതമാനം പ്ലാസ്റ്റിക്കും റബറുമാണ്.
പത്തു മാസത്തിനിടെ 96 ബില്യൺ റിയാലിന്റെ രാസവസ്തുക്കളും 77.5 ബില്യൺ റിയാലിന്റെ പ്ലാസ്റ്റിക്, റബർ ഉൽപന്നങ്ങളും വിദേശങ്ങളിലേക്ക് കയറ്റി അയച്ചു. 21.5 ബില്യൺ റിയാലിന്റെ ധാതുക്കളും ഇക്കാലയളവിൽ കയറ്റി അയച്ചു. ആകെ കയറ്റുമതിയുടെ 8.1 ശതമാനം ഈ ഗണത്തിൽപെട്ട ഉൽപന്നങ്ങളാണ്. പത്തു മാസത്തിനിടെ 19.4 ബില്യൺ റിയാലിന്റെ യന്ത്രങ്ങളും കയറ്റി അയച്ചു.
ഈ വർഷം 140 ലേറെ രാജ്യങ്ങളിലേക്ക് സൗദി പെട്രോളിതര ഉൽപന്നങ്ങൾ കയറ്റി അയച്ചിട്ടുണ്ട്. ഇതിന്റെ 47 ശതമാനവും അഞ്ചു രാജ്യങ്ങളിലേക്കായിരുന്നു. ഏറ്റവുമധികം പെട്രോളിതര ഉൽപന്നങ്ങൾ കയറ്റി അയച്ചത് യു.എ.ഇയിലേക്കാണ്.
37.4 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ യു.എ.ഇയിലേക്ക് കയറ്റി അയച്ചു. ആകെ കയറ്റുമതിയുടെ 14 ശതമാനം യു.എ.ഇയിലേക്കായിരുന്നു.
രണ്ടാം സ്ഥാനത്തുള്ള ചൈനയിലേക്ക് 31.1 ബില്യൺ റിയാലിന്റെയും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിലേക്ക് 23.6 ബില്യൺ റിയാലിന്റെയും നാലാം സ്ഥാനത്തുള്ള സിങ്കപ്പൂരിലേക്ക് 12.7 ബില്യൺ റിയാലിന്റെയും അഞ്ചാം സ്ഥാനത്തുള്ള തുർക്കിയിലേക്ക് 11.5 ബില്യൺ റിയാലിന്റെയും പെട്രോളിതര ഉൽപന്നങ്ങൾ പത്തു മാസത്തിനിടെ കയറ്റി അയച്ചു. ആകെ കയറ്റുമതിയുടെ 11.6 ശതമാനം ചൈനയിലേക്കും 8.8 ശതമാനം ഇന്ത്യയിലേക്കുമായിരുന്നു.
കഴിഞ്ഞ വർഷം പെട്രോളിതര കയറ്റുമതി 36 ശതമാനം തോതിൽ വർധിച്ച് 277.3 ബില്യൺ റിയാലായി. 2016 മുതൽ 2021 വരെയുള്ള അഞ്ചു വർഷക്കാലത്ത് 1.32 ട്രില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങൾ സൗദി അറേബ്യ കയറ്റി അയച്ചു.