റിയാദ്: സ്പെഷ്യലൈസ്ഡ്, എഡ്യൂക്കേഷൻ ട്രാൻസ്പോർട്ട് ബസുകളുടെ ലംഘനങ്ങൾ പരിശോധിക്കുന്നതിന് ഓട്ടോമേറ്റഡ് മോണിറ്ററിംഗ് അടുത്ത ഫെബ്രുവരിയിൽ നടപ്പിലാക്കി തുടങ്ങുമെന്ന് സഊദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) അറിയിച്ചു.
ട്രാഫിക് സുരക്ഷ ശക്തിപ്പെടുത്തുകയും ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി നിർണ്ണയിക്കുന്ന നിയന്ത്രണങ്ങളും സാങ്കേതിക ആവശ്യകതകളും പാലിക്കുന്നത് ഉറപ്പ് വരുത്തുകയും ചെയ്യുകയാണ് ഓട്ടോമേറ്റഡ് മോണിറ്ററിംഗ് കൊണ്ട് ലക്ഷ്യമിടുന്നത്. സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്തുന്നതിനും ഗതാഗത പ്രവർത്തനങ്ങളിൽ നൽകുന്ന സേവനങ്ങളുടെ ക്രമവും ഗുണനിലവാരവും ഉറപ്പാക്കുന്നതിനും ഈ നീക്കം സഹായിക്കും.
ബസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള ഒപ്പറേറ്റിങ് കാർഡുകൾ ഇല്ലാത്തതോ കാലാവധി കഴിഞ്ഞതോ ആയ വാഹനങ്ങൾ ഉൾപ്പെടെ ഓട്ടോമാറ്റിക് സംവിധാനത്തിൽ കണ്ടെത്തും. ഇതോടൊപ്പം, നിരവധി നിയമലംഘനങ്ങൾ ഈ സംവിധാനത്തിലൂടെ ഓട്ടോമാറ്റിക് ആയി നിരീക്ഷിക്കപ്പെടുമെന്ന് അതോറിറ്റി അറിയിച്ചു. ഓട്ടോമാറ്റിക് ആയി നിരീക്ഷിക്കപ്പെടുന്ന മറ്റു നിയമ ലംഘനങ്ങൾ സംവിധാനത്തിൽ ചേർക്കുമ്പോൾ അറിയിപ്പ് നൽകുമെന്നും അധികൃതർ അറിയിച്ചു.
സഊദി അറേബ്യയിലെ മുഴുവൻ നഗരങ്ങളിലും പ്രദേശങ്ങളിലും ഗുണഭോക്താക്കൾക്ക് പൊതുഗതാഗത സേവനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സുരക്ഷാ നിലവാരം ഉയർത്തുന്നതിനും സഊദി വിഷൻ 2030 ന് ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമാണ് പുതിയ നീക്കങ്ങൾ