ജിദ്ദ-സൗദിയിൽ ട്രാഫിക് പിഴ ആറായിരം റിയാലാണ് എന്ന് ഇന്നലെ മുതൽ നിരവധി പേർ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. നിലവിൽ ട്രാഫിക് സിഗ്നലുകൾ തെറ്റിച്ചാൽ ഈടാക്കുന്ന മുവായിരം റിയാലിന് പകരം ഇനി മുതൽ ആറായിരം റിയാൽ ഈടാക്കുമെന്നാണ് പ്രചാരണം.
ഇതു സംബന്ധിച്ചുള്ള ചില സ്‌ക്രീൻ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിലെ വാസ്തവം എന്താണ്.
സൗദി അറേബ്യയിൽ 2018 മുതൽ തന്നെ സിഗ്നലുകൾ തെറ്റിച്ചാൽ 3000 മുതൽ ആറായിരം റിയാൽ വരെ പിഴ ഈടാക്കാമെന്ന് നിയമമുണ്ട്. ട്രാഫിക് സിഗ്നലുകൾ അടക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ നടത്തിയാൽ മുവായിരം മുതൽ ആറായിരം റിയാൽ വരെ ഈടാക്കാം എന്നാണ് നിയമം. മുവായിരത്തിന് മുകളിൽ ആറായിരം വരെ എത്ര വേണമെങ്കിലും പിഴ ചുമത്താം. എന്നാൽ ട്രാഫിക് ഗതാഗത അഥോറിറ്റി (മുറൂർ)യുടെ പ്രത്യേക സമിതിയുടെ നിർദ്ദേശം അനുസരിച്ച് മാത്രമേ ആറായിരം വരെ പിഴ ഈടാക്കൂ. ഗതാഗത നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ചായിരിക്കും ട്രാഫിക് ഗതാഗത അഥോറിറ്റി പിഴ ചുമത്തുക. നിലവിലുള്ള രീതി അനുസരിച്ച് 6000 റിയാൽ വരെ പിഴ ഈടാക്കാം എന്ന് ചുരുക്കം. സിഗ്നൽ കട്ട് ചെയ്യുന്നതിന് പുറമെ, സ്‌കൂൾ ബസുകളെ അപകടകരമായ രീതിയിൽ മറികടക്കുക, പോലീസ് ചെക്ക് പോയിന്റുകളിൽ നിർത്താതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് ആറായിരം റിയാൽ പിഴ ചുമത്തും