*റിയാദ്* : തലസ്ഥാന നഗരിയിലെ ഫഹ്‌സുദ്ദൗരി (മോട്ടോര്‍ വെഹിക്കിള്‍ പീരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍ സെന്റര്‍) കേന്ദ്രത്തിനു സമീപം സുരക്ഷാ വകുപ്പുകള്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 34 നിയമ ലംഘകര്‍ പിടിയിലായി. നുഴഞ്ഞുകയറ്റക്കാരായ ഏഴു പേരും ഇഖാമ നിയമ ലംഘകരായ 27 പേരുമാണ് അറസ്റ്റിലായത്. നുഴഞ്ഞുകയറ്റക്കാരില്‍ മൂന്നു പേര്‍ ബംഗ്ലാദേശുകാരും മൂന്നു പേര്‍ യെമനികളും ഒരാള്‍ പാക്കിസ്ഥാനിയുമാണ്.
ഫഹ്‌സുദ്ദൗരി കേന്ദ്രത്തിനു സമീപം നിയമ ലംഘകരുടെ വലിയ സാന്നിധ്യം പ്രദേശവാസികള്‍ക്ക് പലവിധ പ്രയാസങ്ങളും സൃഷ്ടിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രാദേശിക പത്രങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. സാങ്കേതിക പരിശോധനക്ക് വാഹനങ്ങളുമായി എത്തുന്നവരെ കൂട്ടത്തോടെ വളഞ്ഞ് വാഹനങ്ങളിലെ തകരാറുകള്‍ തീര്‍ക്കാന്‍ വിലപേശലുകള്‍ നടത്തി ഉപയോക്താക്കളെ വലയിലാക്കുകയാണ് നിയമ ലംഘകര്‍ ചെയ്യുന്നത്.
ഇഖാമ നിയമ ലംഘകരില്‍ 14 പേര്‍ ബംഗ്ലാദേശുകാരും മൂന്നു പേര്‍ യെമനികളും മൂന്നു പേര്‍ പാക്കിസ്ഥാനികളും മൂന്നു പേര്‍ സുഡാനികളും രണ്ടു പേര്‍ ഇന്ത്യക്കാരും ഒരാള്‍ ഈജിപ്തുകാരനും ഒരാള്‍ സിറിയക്കാരനുമാണ്. തുടര്‍ നടപടികള്‍ക്ക് ഇവരെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.