ന്യൂഡൽഹി: കൊവിഡ് വ്യാപനം തടയുന്നതിനായി വിമാനത്താവളങ്ങളിലെ നിരീക്ഷണവും പരിശോധനയും ശക്തമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങളിലെ 2% യാത്രക്കാരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നാണ് നിർദേശം.
സാമ്പിൾ നൽകിയാൽ യാത്രികർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകാം. ശനിയാഴ്ച മുതൽ പരിശോധന ആരംഭിക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം.
അതേസമയം മാസ്കുൾപ്പടെയുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ആശുപത്രികള്‍ സജ്ജമാക്കണമെന്നും രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച് ചേര്‍ത്ത ഉന്നത തലയോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
മൂക്കിലൂടെ നല്‍കാവുന്ന വാക്സീന്‍ അടുത്തയാഴ്ച വിതരണത്തിനെത്തും. ചൈനയിൽ സാമൂഹ്യ വ്യാപനത്തിനിടയാക്കിയ കൊവിഡ് വകഭേദം രാജ്യത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
വാക്സിനേഷൻറെ മുൻകരുതൽ ഡോസ് വിതരണം ഊർജിതമാക്കണം, സംസ്ഥാനങ്ങളിൽ ഓക്സിജൻ പ്ലാന്റുകളും വെന്റിലേറ്ററുകളും അടക്കം ആശുപത്രി സൗകര്യങ്ങൾ സജ്ജമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ മാസ്കുൾപ്പടെയുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രിയും പറഞ്ഞു