റിയാദ് : ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് പ്രതിമാസം 3000 റിയാൽ വരെ ധനസഹായം ലഭിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു.
പദ്ധതി പ്രയോജനപ്പെടുത്തി ഡെലിവറി മേഖലയിൽ ജോലി ചെയ്യാൻ സ്വദേശി യുവതീയുവാക്കൾ മുന്നോട്ടു വരണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. അംഗീകൃത ഡെലിവറി ആപ്പുകൾക്കു കീഴിൽ ഫ്രീലാൻസ് രീതിയിൽ ഫുൾടൈം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കാണ് ധനസഹായം നൽകുന്നത്. ഡെലിവറി മേഖലയിൽ സൗദിവൽക്കരണ അനുപാതം ഉയർത്താനും വ്യത്യസ്ത തൊഴിൽ ശൈലികൾക്ക് അനുസൃതമായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് മാനവശേഷി വികസന നിധിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മാനവശേഷി വികസന നിധിയാണ് ധനസഹായം വിതരണം ചെയ്യുക.
ഡെലിവറി മേഖലയിൽ 16 ആപ്പുകൾക്ക് പൊതുഗതാഗത അതോറിറ്റി അംഗീകാരമുണ്ട്. ഈ ആപ്പുകൾക്കു കീഴിൽ ഫ്രീലാൻസ് രീതിയിൽ ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് ധനസഹായ പദ്ധതി പ്രയോജനപ്പെടുത്താൻ സാധിക്കും. പ്രതിമാസം മിനിമം 30 ഓർഡറുകളെങ്കിലും വിതരണം ചെയ്യുന്നവർക്കാണ് മാസത്തിൽ 3000 റിയാൽ ധനസഹായം നൽകുക. പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ പൊതുഗതാഗത അതോറിറ്റി അംഗീകാരമുള്ള ഏതെങ്കിലും ഒരു ഡെലിവറി ആപ്പിൽ രജിസ്റ്റർ ചെയ്ത് വ്യവസ്ഥകൾ പൂർണമാണെന്ന് ഉറപ്പു വരുത്തണം.
അപേക്ഷകർ സൗദികളായിരിക്കണമെന്നും സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരോ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാരോ റെഗുലർ വിദ്യാർഥികളോ സ്വന്തം ജോലികളുള്ളവരോ ആയിരിക്കരുതെന്നും വ്യവസ്ഥകളുണ്ട്. മാനവശേഷി വികസന നിധിയുടെ മറ്റു ധനസഹായ പദ്ധതികൾ പ്രയോജനപ്പെടുത്തുന്നവരാകാനും പാടില്ല. അപേക്ഷകർ ഫ്രീലാൻസ് വെബ്‌സൈറ്റ് വഴി ഫ്രീലാൻസിംഗ് ഡോക്യുമെന്റ് നേടിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.