അല്‍ ഐന്‍: നഴ്‌സറി ജീവനക്കാരുടെ അനാസ്ഥ മൂലം കുട്ടിയുടെ വിരലിന്റെ ഒരു ഭാഗം അറ്റ കേസില്‍ നഷ്ടപരിഹാരം വിധിച്ച് കോടതി. യുഎഇയിലെ അല്‍ ഐനിലാണ് സംഭവം. നഴ്‌സറിയിലെ ഒരു വനിതാ ജീവനക്കാരി ശ്രദ്ധിക്കാതെ വാതില്‍ അടച്ചപ്പോള്‍ കുട്ടിയുടെ കൈ ഇതില്‍ കുടുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയുടെ വിരലിന്റെ ഒരു ഭാഗം അറ്റുപോയി.
നഴ്‌സറിയിലെ രണ്ട് വനിതാ ജീവനക്കാര്‍, നഴ്‌സറി ഉടമ എന്നിവര്‍ക്കെതിരെ കുട്ടിയുടെ പിതാവാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തത്. രണ്ടു വയസ്സുള്ള തന്റെ മകന്റെ വലത് കൈയ്യിലെ വിരലിന്റെ മുകള്‍ഭാഗം അറ്റുപോയതിന് കാരണക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് കൊടുത്തത്. അപകടത്തെ തുടര്‍ന്ന് കുട്ടിയുടെ വിരലിന്റെ മുകള്‍ഭാഗം മുറിയുകയും നഖം നഷ്ടപ്പെടുകയും ചെയ്തു. മൂന്ന് സെന്റീമീറ്റര്‍ ആഴത്തിലാണ് വിരലില്‍ മുറിവുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
നഴ്‌സറിയിലെ രണ്ട് ജീവനക്കാരുടെ അനാസ്ഥ മൂലമാണ് കുട്ടിക്ക് പരിക്കേറ്റതെന്നും നഴ്‌സറി ഉടമയും ഇതില്‍ ഉത്തരവാദിയാണെന്നും കണ്ടെത്തിയ കോടതി കുട്ടിയുടെ പിതാവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയുള്ള അപ്പീല്‍ കോടതി തള്ളുകയും കീഴ്‌ക്കോടതി വിധി ശരിവെക്കുകയും ചെയ്തു. നഴ്‌സറി ഉടമയും സ്ഥാപനത്തിലെ രണ്ട് ജീവനക്കാരും ചേര്‍ന്ന് കുട്ടിയുടെ പിതാവിന് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ അല്‍ ഐന്‍ അപ്പീല്‍ കോടതി ഉത്തരവിട്ടു. നിയമ നടപടിക്രമങ്ങള്‍ക്ക് ചെലവായ പണവും ഇവര്‍ നല്‍കണം.