റിയാദ് : ഡിജിറ്റൽ പരിവർത്തന മേഖലയിൽ സൗദിയിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ ശാക്തീകരിക്കാനും പരിശീലനം നൽകാനും പിന്തുണക്കാനും ലക്ഷ്യമിട്ട് ആഗോള പദ്ധതി നടപ്പാക്കുന്നു. കമ്യൂണിക്കേഷൻസ് ആന്റ് ഇന്റഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയും മെറ്റ കമ്പനിയും (മുൻ ഫെയ്‌സ്ബുക്ക്) ചേർന്നാണ് മെറ്റ ബൂസ്റ്റ് എന്ന് പേരിട്ട പദ്ധതിക്ക് തുടക്കം കുറിച്ചത്.
സൗദിയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി പ്രത്യേക പരിശീലകർ നൽകുന്ന ശിൽപശാലകളുടെ മാനേജ്‌മെന്റിനും നടപ്പാക്കലിനും പിന്തുണ നൽകാൻ, വ്യക്തികളുടെയും ചെറുകിട, കമ്പനികളുടെയും വളർച്ചയും നവീകരണ കഴിവുകളും സാധ്യമാക്കുന്നതിന് ഒരു സാങ്കേതിക അന്തരീക്ഷം കെട്ടിപ്പടുക്കാൻ പ്രവർത്തിക്കുന്ന ആസ്‌ട്രോ ലാബ്‌സുമായി സഹകരിച്ച് മെറ്റ കമ്പനി പ്രവർത്തിക്കും. ഇന്റർനെറ്റ് വഴിയുള്ള ബിസിനസുകളുടെ വളർച്ച ത്വരിതപ്പെടുത്താൻ മെറ്റ ഉൽപന്നങ്ങളുടെയും ടൂളുകളുടെയും ഉപയോഗത്തെ കുറിച്ച് വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും 20,000 ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൗദിയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉൽപാദനക്ഷമതത വർധിപ്പിക്കാനും 2030 ഓടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ചെറുകിട, ഇടത്തരം മേഖലയുടെ സംഭാവന 35 ശതമാനമായി ഉയർത്താനും ഇത് സഹായിക്കും.
സൗദിയിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കാൻ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ലക്ഷ്യമിടുന്നതായി മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എൻജിനീയർ നാസിർ അൽനാസിർ പറഞ്ഞു. ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥാ മേഖലയിലെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിച്ച് മെറ്റ ബൂസ്റ്റ് പ്രോഗ്രാമിലൂടെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് പിന്തുണ നൽകാൻ മെറ്റ കമ്പനിയുമായും ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയുമായും സഹകരിച്ച് പ്രവർത്തിക്കുന്നതിൽ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം അഭിമാനിക്കുന്നതായും എൻജിനീയർ നാസിർ അൽനാസിർ പറഞ്ഞു.
മെറ്റ ബൂസ്റ്റ് പ്രോഗ്രാം സൗദിയിൽ 20,000 ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഡിജിറ്റൽവൽക്കരണത്തിന് പിന്തുണ നൽകാൻ ലക്ഷ്യമിട്ട് പ്രത്യേകം രൂപകൽപന ചെയ്തതാണെന്ന് മെറ്റ കമ്പനിയധികൃതർ പറഞ്ഞു. ഡിജിറ്റൽ പരിവർത്തനത്തിന് കൂടുതൽ കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ച് മെറ്റ ബൂസ്റ്റ് പ്രോഗ്രാം വഴി മെറ്റ കമ്പനി വിദഗ്ധരുടെ മേൽനോട്ടത്തിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് പരിശീലനങ്ങളും ശിൽപശാലകളും സംഘടിപ്പിക്കും. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള ഒരു റിസോഴ്‌സ് സെന്ററും നിരീക്ഷണ ചാനലും പ്രോഗ്രാമിൽ അടങ്ങിയിരിക്കുന്നു. ആവശ്യാനുസരണം ഒരുകൂട്ടം സൗജന്യ ടൂളുകളിലേക്കും പരിശീലന വീഡിയോകളിലേക്കും മെറ്റയിൽ നിന്നുള്ള മികച്ച ഡിജിറ്റൽ മാർക്കറ്റിംഗ് തന്ത്രങ്ങളിലേക്കും ഇവ പ്രവേശനം നൽകും.